നിഫ്റ്റിയിൽ 11,188 എന്ന നിലവാരം ഫെബ്രുവരി അവസാനം ലക്ഷ്യംവയ്ക്കുമ്പോൾ അത് ബാലികേറാമല ആയിരുന്നു. എന്നാൽ, ബുള്ളുകൾ അത് നേടിയത് അക്ഷരാർത്ഥത്തിൽ കവച്ചുെവച്ചു കൊണ്ടു
തന്നെയാണ്‌. ആ നിലവാരം ഇനിയും സ്‌ക്രീനിൽ വന്നിട്ടില്ല! തൊട്ടുമുന്നിലെ ആഴ്ച 11,035-ൽ നിന്നിരുന്ന നിഫ്റ്റിക്ക് 11,057 ആയിരുന്നു ആദ്യ കടമ്പയായി നിശ്ചയിച്ചിരുന്നത്. അതിനു മുകളിൽ മുന്നേറ്റം തുടരാനുള്ള സാധ്യതകൾ തുറക്കും എന്നും കരുതിയിരുന്നു. തിങ്കളാഴ്ച ഏറ്റവും താഴ്ന്ന നിലവാരം 11,059 ആയിരുന്നു. അവിടെ നിന്ന് തുടങ്ങി 11,180 വരെയെത്തി അന്ന് അവസാനിച്ചത് 11,168-ൽ ആണ്. തൊട്ടടുത്ത ദിവസം 11,231-ൽ തുടങ്ങി 11,320 വരെയെത്തി 11,301 നിലവാരത്തിൽ അവസാനിപ്പിക്കുകയായിരുന്നു. പിറ്റേന്ന്, 11,276 വരെ മാത്രം താഴെ കാണിച്ച നിഫ്റ്റി പിന്നീട് 11,487 വരെ ആഴ്ച അവസാനം എത്തിച്ചേർന്ന് 11,426-ലാണ് നിൽക്കുന്നത്.
 11,188-നു മുകളിൽ ക്ലോസ് ചെയ്ത ദിവസം നിഫ്റ്റി അടുത്ത ലക്ഷ്യം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത് 11,642 നിലവാരത്തിലേക്കാണ്. പ്രതീക്ഷിച്ചിരുന്നതുപോലെ റിലയൻസ് ഇൻഡസ്ട്രീസ്, ടി.സി.എസ്., എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ., എ.സി.സി. എന്നീ ഓഹരികൾ മുന്നേറ്റത്തിന് കൂട്ടു നിൽക്കുകയും ചെയ്തു. 
കഴിഞ്ഞ ഓഗസ്റ്റ് 28-ന് രേഖപ്പെടുത്തിയ നിഫ്റ്റിയുടെ ഏറ്റവും ഉയർന്ന നിലവാരമായ 11,760-ന് വളരെ അടുത്താണ് നിഫ്റ്റി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല, കഴിഞ്ഞ ദിവസങ്ങളിൽ നിഫ്റ്റിയിലും പല ഓഹരികളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന നീക്കവും വളരെ വേഗം കൂടിയതാണ്. പ്രധാനമായും ലിക്വിഡിറ്റി ഫ്ലോ കൊണ്ട് മാത്രം സാധ്യമായിട്ടുള്ള ഈ നീക്കം അതുകൊണ്ടു തന്നെ സൂക്ഷിക്കേണ്ടതുമാണ്. ഇപ്പോഴത്തെ നിലയിൽ 11,060 നിലവാരത്തിനടുത്താണ് പൊസിഷണൽ സപ്പോർട്ട് നിലനിൽക്കുന്നത്. അതുകൊണ്ട് ഈ നിലവാരം വരെയുള്ള നീക്കം പോലും സാധാരണ തിരുത്തൽ ആയിട്ടേ എടുക്കാനാവൂ എന്നതിനാൽത്തന്നെ റിസ്ക് അധികരിക്കുന്നു.
വരും ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട ഏറ്റവും അടുത്ത സപ്പോർട്ട് 11,368-ലേതാണ്. ഇതിനു താഴേക്ക് വരുന്ന ദിനങ്ങളിൽ ക്ലോസ് ചെയ്യാൻ ഇടയായാൽ അത് ആദ്യ സൂചനയാണ്. പിന്നീട് 11,260-11,180-11,060 നിലവാരങ്ങളാവും താഴേക്ക് ശ്രദ്ധിക്കേണ്ടി വരിക. 11,060-ന് താഴേക്ക് ക്ലോസ് ചെയ്യുന്നത് കൂടുതൽ കനത്ത വില്പനയിലേക്കും നയിക്കും. 
ഇനി മുകളിലേക്ക് ഏതൊക്കെ നിലവാരങ്ങളാണ് വരും ദിനങ്ങളിൽ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം: 11,496 ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതിനു മുകളിലേക്ക് നിലനിൽക്കുന്നതും ക്ലോസ് ചെയ്യുന്നതും നിഫ്റ്റിയെ അടുത്ത ലക്ഷ്യസ്ഥാനമായ 11,642-ലേക്ക് കൂടുതൽ അടുപ്പിക്കും. പിന്നീട്, 11,642 നിലവാരത്തിനു മുകളിലെ ക്ലോസിങ് ആവും ഗതി നിശ്ചയിക്കുക. 
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ട് ആഴ്ച കൂടി മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ബാങ്കിങ് സിസ്റ്റത്തിൽനിന്ന് അഡ്വാൻസ് ടാക്സ് ആയും ജി.എസ്.ടി. പേമെന്റ് ആയും വലിയ തുക പിന്മാറും. ഇതുകൂടാതെ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതു കൊണ്ട്‌ കൂടുതൽ പണത്തിന്റെ ഒഴുക്ക് ബാങ്കിങ് സംവിധാനത്തിൽ നിന്നുമുണ്ടാകും. റിസർവ് ബാങ്ക് ഇതിൽ സമയോചിതമായി ഇടപെടുമെങ്കിലും പൊതുവിൽ ഒരു ലിക്വിഡിറ്റി ഞെരുക്കം പ്രതീക്ഷിക്കണം. സാമ്പത്തിക വർഷത്തിന്റെ അവസാനം ഓഹരികളുടെ വില വർധിച്ച് നിൽക്കേണ്ടത് പല മ്യൂച്വൽ ഫണ്ടുകളുടെയും ആവശ്യം കൂടിയായതുകൊണ്ട് മ്യൂച്വൽ ഫണ്ടുകൾ ആവേശത്തിനു പിന്തുണയുമായി രംഗത്തുണ്ടാവാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. 
തിരഞ്ഞെടുപ്പു ചൂട് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഈയാഴ്ച, മുഴുവൻ സ്ഥാനാർത്ഥികളെക്കുറിച്ചും ഏകദേശ ധാരണയാവും. ജയപരാജയങ്ങളെപ്പറ്റി കുറച്ചുകൂടി വ്യക്തതയും അതോടെ ആവും. 
മാർച്ച് 19-ന് ജി.എസ്.ടി. കൗൺസിൽ ചേരുന്നുണ്ട്. പണിതുകൊണ്ടിരിക്കുന്ന വീടുകളുടെ ജി.എസ്.ടി. നിരക്കിലും പുതിയ നിയമത്തിലും വ്യക്തത ഈ യോഗത്തിൽ ഉണ്ടാകുമെന്ന് കരുതുന്നു. ഇതിനിടയിൽ വ്യാഴാഴ്ചത്തെ ഹോളി അവധി വിപണിയുടെ രസംകൊല്ലിയാവും. അന്നാണ്‌ യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്കിൽ തീരുമാനമെടുക്കുന്നത്. ആഗോള വിപണികൾ ഉറ്റുനോക്കുന്നത് ഇതോടൊപ്പമുള്ള ഫെഡ് ചെയർമാന്റെ പ്രസ്താവന കൂടിയാണ്. 
വരാനിരിക്കുന്നത് എല്ലാംകൊണ്ടും കനത്ത മത്സരത്തിന്റെ ദിനങ്ങളാണ്. ഇരുപക്ഷവും കോപ്പുകൂട്ടി തിരിച്ചെത്തുന്നത് വർഷാവസാനത്തിൽ കണക്കുതീർക്കാനായി സർവ സന്നാഹങ്ങളുമായാവും. ഇവിടെ പിടിച്ചുനിൽക്കാനാവുന്നതു പോലും ബുള്ളുകളുടെ വിജയമാവും. എന്നാൽ, ചെറിയ പിഴവിനു പോലും വൻ വില കൊടുക്കേണ്ട സാഹചര്യത്തിലൂടെയാണ് അവർ ഇപ്പോൾ കടന്നുപോകുന്നത് എന്നു മാത്രം. കേരളം ഉത്സവകാലത്തിന്റെ അവസാന ലാപ്പിലെ വലിയ പൂരങ്ങളുടെ ദിനങ്ങളിലേക്ക് കടക്കുകയാണ്. വിപണിയും വലിയ ഉത്സവങ്ങളിലേക്ക് കടക്കുകയാവുമോ? കാത്തിരുന്ന് കാണാം. 

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)