ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ ‘സിവെറ്റ് കോഫി’ (ലുവാക്‌ കോഫി) ഇപ്പോൾ കർണാടകയിലെ കൂർഗിൽ ഉത്പാദിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ സമ്പന്ന വർഗത്തിൽപ്പെട്ടവർക്കിടയിൽ ആരാധകരേറെയുള്ള സിവെറ്റ് കാപ്പിയുടെ വിപണിസാധ്യതകൾ തിരിച്ചറിഞ്ഞ് ഉത്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് നെസ്‌കഫേയും ടാറ്റ കോഫിയും ഒന്നുമല്ല. കർണാടകയിലെ കൂർഗ് ജില്ലയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് സംരംഭമാണ് -കൂർഗ് കൺസോളിഡേറ്റഡ് കമോഡിറ്റീസ് (സി.സി.സി.). 
കൂർഗിലെ ക്ലബ്ബ് മഹീന്ദ്ര മടിക്കേരി റിസോർട്ടിലെ ഏക ഔട്ട്‌ലെറ്റിലൂടെയാണ് സി.സി.സി. ‘എയ്ൻമെൻ’ എന്ന ബ്രാൻഡിൽ സിവെറ്റ് കോഫി വിൽക്കുന്നത്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കിലോഗ്രാമിന് 20,000 രൂപ മുതൽ 25,000 രൂപ വരെ വിലയുള്ള സിവെറ്റ് കോഫി ഇവിടെ 8,000 രൂപയ്ക്ക് ലഭിക്കും.

സിവെറ്റ് കോഫി
എന്താണെന്നറിയണ്ടേ? 

‘സിവെറ്റ്’ (ഒരുതരം മരപ്പട്ടി) എന്ന മൃഗത്തെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസർജ്യത്തിൽ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിച്ചാണ് ഈ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ചുവന്ന കാപ്പിക്കുരുവിന്റെ മാംസളമായ ഭാഗം മാത്രം കഴിക്കുന്ന സിവെറ്റിന്റെ വയറ്റിലെ എൻസൈമുകളുമായി ചേരുന്നതിനാൽ കാപ്പിക്കുരുവിൽ പ്രത്യേക തരം ഫ്ളേവറുണ്ടാകുന്നു. വിസർജ്യത്തിലൂടെ സിവെറ്റ് പുറന്തള്ളുന്ന ആ കാപ്പിക്കുരു പ്രത്യേക രീതിയിൽ സംസ്കരിച്ചെടുക്കുന്നതിനാലാണ് സിവെറ്റ് കോഫിക്ക് വിപണിയിൽ പൊൻവില നൽകേണ്ടിവരുന്നതും. ഇൻഡൊനീഷ്യയാണ് ആഗോളതലത്തിൽ സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ.
കൂർഗിലെ വനപ്രദേശങ്ങളോടു ചേർന്ന കാപ്പിത്തോട്ടങ്ങളിൽ നിന്നാണ് സി.സി.സി. സിവെറ്റിന്റെ വിസർജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്കരിക്കുന്നത്. അതുകൊണ്ടാണ്, പ്രാദേശിക വിപണിയിൽ വിലകുറച്ച് വിൽക്കാനാകുന്നതും. ഉയർന്ന സർട്ടിഫിക്കേഷൻ നിരക്കുകൾ കണക്കിലെടുത്ത്, തത്കാലം കയറ്റുമതി ചെയ്യാതെ ‘കൂർഗ് ലുവാക്‌ കോഫി’ എന്ന പേരിൽ പ്രാദേശികമായി വിൽക്കാനാണ് സംരംഭകരുടെ പദ്ധതി.