ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി മലയാളിയായ രൂപ പുരുഷോത്തമൻ നിയമിതയായി. സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും. 
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ തൃശ്ശൂർ-പാലക്കാട് സ്വദേശികളായ മലയാളി ദമ്പതിമാരുടെ മകളാണ് 38-കാരിയായ രൂപ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയടങ്ങുന്ന ബ്രിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായി വളരുമെന്ന രൂപയുടെ റിപ്പോർട്ടാണ് സാമ്പത്തിക ലോകത്ത് അവരെ പ്രശസ്തയാക്കിയത്. 2003-04 കാലയളവിൽ 25-ാം വയസ്സിലാണ് അവർ ബ്രിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 
അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള രൂപ, ആദ്യം ഗോൾഡ്മാൻ സാക്‌സിൽ വൈസ് പ്രസിഡന്റും ഗ്ലോബൽ ഇക്കണോമിസ്റ്റുമായിരുന്നു.
2006-ൽ എവർസ്റ്റോൺ ക്യാപ്പിറ്റലിൽ റിസർച്ച് വിഭാഗം മേധാവിയായി. നിലവിൽ എവർ‌സ്റ്റോണിന്റെ റിസർച്ച് വിഭാഗം മാനേജിങ് ഡയറക്ടറാണ്. ഇതിന് പുറമെ ‘അവസര’ എന്ന സന്നദ്ധ സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. 
ടാറ്റ സൺസിന്റെ നേതൃനിരയിലേക്ക് രൂപ വരുന്നതിൽ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. 
ഇന്ത്യയുടെ വളർച്ചാ ഘട്ടത്തിൽ ടാറ്റ പോലൊരു വ്യവസായ ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിയുന്നത് വലിയ അവസരമായി കാണുന്നുവെന്ന് രൂപ പുരുഷോത്തമൻ പറഞ്ഞു.