ഇൻഷുറൻസ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നത് പ്രീമിയം വർധിക്കുന്നതിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. 
ഏപ്രിൽ ഒന്ന് മുതൽ വാഹന ഇൻഷുറൻസ് പ്രീമിയത്തിൽ 27 ശതമാനം വരെ വർധനയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്‌ ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.) വരുത്തിയത്. വാഹന ഉടമകൾക്ക് അധിക ചെലവ് വരുത്തിവെയ്ക്കുന്ന തരത്തിൽ വാഹന ഇൻഷുറൻസ് പ്രീമിയം ഓരോ വർഷവും കുത്തനെ ഉയരുകയാണ്.
എന്തുകൊണ്ടാണ് മറ്റ് ഇൻഷുറൻസ് ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാഹന ഇൻഷുറൻസ് പ്രീമിയത്തിൽ വളരെ ഉയർന്ന നിരക്കിൽ വർധനയുണ്ടാകുന്നത്? വാഹന ഇൻഷുറൻസ് ക്ലെയിം ഓരോ വർഷവും വർധിക്കുന്നതാണ് ഇതിന് കാരണം. ഇൻഷുറൻസ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വർധിക്കുന്നതിന് ഇടയാക്കുന്നു. 
ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളിൽ മൂന്നിൽ രണ്ടും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് ഏകദേശ കണക്ക്. ഇരുചക്ര വാഹനങ്ങൾ ഷോറൂമുകളിൽ നിന്ന് ഇറങ്ങുന്നത് നിർബന്ധിത ഇൻഷുറൻസോടു കൂടിയാണ്. എന്നാൽ രണ്ടാം വർഷത്തോടു കൂടി മിക്ക വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാകുന്നു. ഇൻഷുറൻസ് പുതുക്കാൻ പല വാഹന ഉടമകളും മറക്കുകയോ ബോധപൂർവം തന്നെ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യുന്നതാണ് കാരണം. എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം കുറയാൻ സാധ്യതയുണ്ട്.
ക്ലെയിം ഇനത്തിലുള്ള ഇൻഷുറൻസ് കമ്പനികളുടെ നഷ്ടം കുറയാൻ പ്രീമിയം ഇനത്തിലുള്ള വരുമാനം വർധിക്കുന്നത് സഹായകമാകും. ഉദാഹരണത്തിന് റോഡിൽ ഓടുന്ന 10,000 വാഹനങ്ങളിൽ 50 വാഹനങ്ങൾ അപകടത്തിൽ പെടുന്നുവെന്നും ഇതു വഴിയുണ്ടാകുന്ന നഷ്ടം 50,000 രൂപയാണെന്നും കരുതുക. എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് ഉണ്ടെങ്കിൽ ഒരു വാഹനത്തിന് വരുന്ന ശരാശരി റിസ്‌ക് പ്രീമിയം അഞ്ച് രൂപ(50,000/10,000=5)യാണെന്ന് കണക്കാക്കാം. അതേസമയം, 5,000 വാഹനങ്ങൾ മാത്രമേ ഇൻഷുർ ചെയ്തിട്ടുള്ളൂവെങ്കിൽ റിസ്‌ക് പ്രീമിയം പത്ത് (50,000/5,000=10) രൂപയായി ഉയരും. പ്രീമിയം കുറയണമെങ്കിൽ ഇൻഷുർ ചെയ്യപ്പെടുന്ന വാഹനങ്ങളടെ എണ്ണം വർധിക്കണമെന്ന് ഈ ഉദാഹരണത്തിൽ നിന്ന് വ്യക്തമാണല്ലോ. 
വാഹന ഇൻഷുറൻസ് പുതുക്കുന്നത് നിർബന്ധമായിട്ടും അത് ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ നിയമലംഘനം തടയുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ പോലീസിന്റെ റോഡരികിലുള്ള പരിശോധനയല്ലാതെ ഇൻഷുറൻസ് പുതുക്കാത്ത വാഹന ഉടമകളെ കണ്ടെത്താൻ നിലവിൽ കാര്യമായ മറ്റ് നടപടികൾ ഒന്നും അധികൃതർ സ്വീകരിക്കുന്നില്ല. 
ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചാൽ നിയമം അനുസരിക്കുന്ന വാഹന ഉടമകൾക്കായിരിക്കും അതിന്റെ ഗുണം ലഭിക്കുന്നത്. പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ ഇൻഷുറൻസിന്റെ പകർപ്പ് കാണിക്കുന്നത് നിർബന്ധമാക്കുന്നതു പോലുള്ള നടപടികൾക്ക് ഒരു പരിധി വരെ ഫലമുണ്ടാക്കാൻ സഹായിക്കും.
സാധാരണ ഗതിയിൽ ഒരു വർഷത്തേക്കാണ് വാഹന ഇൻഷുറൻസ് പോളിസി നൽകുന്നത്. ഇപ്പോൾ രണ്ട് വർഷത്തേക്കും മൂന്ന് വർഷത്തേക്കും പരിരക്ഷ നൽകുന്ന പോളിസികൾ ചില ഇൻഷുറൻസ് കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ഓരോ വർഷവും പോളിസി എടുക്കുമ്പോൾ വരുന്നതിനെക്കാൾ പ്രീമിയം കുറവാണ് ഇത്തരം പോളിസികൾക്ക്. അതുകൊണ്ടുതന്നെ ഇത്തരം പോളിസികൾ എടുക്കാൻ വാഹന ഉടമകൾ താത്പര്യമെടുക്കുന്നു. എന്നാൽ നിലവിൽ ചില ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് ഇത്തരം പോളിസികൾ പുറത്തിറക്കുന്നത്. കൂടുതൽ ഇൻഷുറൻസ് കമ്പനികളെ ഒരു വർഷത്തിലേറെ പരിരക്ഷ നൽകുന്ന പോളിസികൾ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഐ.ആർ.ഡി.എ.ഐ. ഇടപെടുകയാണെങ്കിൽ ഇൻഷുറൻസ് ഇല്ലാതെ റോഡിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും.

(കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെഡ്ജ് വെൽത്ത് മാനേജ്‌മെന്റ് സർവീസസിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ) 

ഇ-മെയിൽ: alex@hedgeequities.com