ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിന്റെ ഉടമയും 
സി.ഇ.ഒ.യുമായ ജെഫ് ബെസോസ് ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്ലൂംബെർഗിന്റെ സമ്പന്നപ്പട്ടികയിൽ യൂറോപ്പിലെ ഫാഷൻ റീട്ടെയിൽ ശൃംഖലയായ സാറയുടെ ഉടമ അമാൻസിയോ ഒർട്ടേഗയെയും ഓഹരി നിക്ഷേപകൻ വാരൻ ബഫെറ്റിനെയും കടത്തിവെട്ടിയാണ് 53-കാരനായ ബെസോസ് നേട്ടം കൈവരിച്ചത്.
ഫോബ്‌സിന്റെ പട്ടികയിലും അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. 7,620 കോടി ഡോളറാണ് (ഏതാണ്ട് അഞ്ചു ലക്ഷം കോടി രൂപ) ബെസോസിന്റെ ആസ്തിമൂല്യം. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്ത്. 8,600 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 
ആമസോണിന്റെ ഓഹരി വില കഴിഞ്ഞ ഒരാഴ്ച കൊണ്ട് വൻതോതിൽ ഉയർന്നതാണ് ബെസോസിന് നേട്ടമായത്. ദുബായിലെ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ സൂക്കിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ആമസോണിന്റെ ഓഹരിവില കുതിച്ചുയർന്നത്.