കൊച്ചി: കേരളത്തിലെ സ്വർണ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സ്വകാര്യതയിലേക്ക് പോലീസിനും ജി.എസ്.ടി. വകുപ്പിനും കടന്നുകയറാൻ വഴിയൊരുക്കുന്ന സർക്കാർ നിലപാടിനെ അനുകൂലിക്കുന്ന ഒറ്റപ്പെട്ട പ്രസ്താവന നിരാശാജനകമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണ വ്യാപാരികളെ പൊതുവായി ബാധിക്കുന്ന വിഷയത്തിൽ ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കുന്നത് എന്തിന്റെ പേരിലായാലും ദൗർഭാഗ്യകരമാണെന്നും അസോസിയേഷൻ പ്രസിഡന്റ് ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാടുകളോട് എന്നും സ്വർണ വ്യാപാരികൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വർണ വ്യാപാര മേഖലയിലെ മാഫിയകൾ ആരാണെന്ന് എം.പി. അഹമ്മദ് വെളിപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.