കൊച്ചി: ചെറുപ്പക്കാർക്ക് നൈപുണ്യ വികസനവും മറ്റ് സാങ്കേതിക പരിശീലനങ്ങളുമൊരുക്കി പുതിയ കാലത്തെ തൊഴിലിന് പ്രാപ്തരാക്കിക്കൊണ്ട് കേരളത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റാൻ പദ്ധതി. അഞ്ച്‌ വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് തൊഴിലവസരമൊരുക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അസാപ് പോലുള്ള സർക്കാർ ഏജൻസികൾ എന്നിവയുടെ പിന്തുണയോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആണ്.

പദ്ധതിക്ക് ചെലവ്‌ പ്രതീക്ഷിക്കുന്നത് 5,000-10,000 കോടി രൂപയാണെന്ന് മുൻ ചീഫ് സെക്രട്ടറിയും കെ-ഡിസ്‌കിന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയർമാനുമായ കെ.എം. എബ്രഹാം ‘മാതൃഭൂമി’യോട് പറഞ്ഞു.

പദ്ധതിച്ചെലവിൽ ഒരു വിഹിതം സംസ്ഥാന സർക്കാർ ലഭ്യമാക്കും. ശേഷിച്ച തുക വായ്പകളിലൂടെയും മറ്റു മാർഗങ്ങളിലൂടെയും സമാഹരിക്കാനാണ് പദ്ധതി. 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ 35 ലക്ഷം പേർക്കെങ്കിലും പരിശീലനമൊരുക്കേണ്ടി വരുമെന്ന് കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

വൊക്കേഷണൽ പരിശീലനത്തിനു പുറമെ, മെന്ററിങ്ങും ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സംവിധാനവും നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

കോവിഡ് മഹാമാരി എത്തിയതോടെ ആഗോളതലത്തിൽ തന്നെ തൊഴിൽ സങ്കല്പങ്ങളൊക്കെ മാറി മറിയുകയാണ്. പല മേഖലയിലെയും അതിവിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് ഇപ്പോൾ സ്ഥിരം ജോലിയെക്കാൾ കൂടുതൽ അവസരം ഫ്രീലാൻസിങ്ങിലൂടെ കിട്ടുന്നുണ്ട്. ‘ഗിഗ്’ തൊഴിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖലയിലും കേരളത്തിന് വലിയ സാധ്യതയാണുള്ളത്. ഗിഗ് ജോലികളിലെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത് തൊഴിലിലെ സാമൂഹ്യ സുരക്ഷിതത്വമില്ലായ്മയാണ്. എന്നാൽ, ഇതിന് വ്യക്തമായ പരിഹാരമേകിക്കൊണ്ടായിരിക്കും കേരളത്തെ ഇതിന്റെ ഹബ്ബാക്കി വളർത്തുകയെന്ന് ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.