കൊച്ചി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമായതോടെ പൊതുമേഖലാ ബാങ്കായ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’ (ബി.ഒ.എം.) സമീപഭാവിയിൽ മൂന്നു ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ് പ്രതീക്ഷിക്കുന്നു. നിക്ഷേപ സമാഹരണം, ക്രെഡിറ്റ് വളർച്ച, റിക്കവറി, റിസ്ക് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മികച്ച പ്രകടനമാണ് കാഴ്ചെവച്ചതെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എ.എസ്. രാജീവ് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സമയങ്ങൾക്കിടയിലും ബാങ്ക് തുടർച്ചയായി ബാലൻസ് ഷീറ്റ് വിപുലീകരിക്കുകയും നിഷ്‌ക്രിയ ആസ്തികൾ കുറയ്ക്കുകയും ചെയ്തു. ബാങ്കിന്റെ മൊത്തം ബിസിനസ് 2021 ജൂൺ അവസാനം 14.17 ശതമാനം വർധിച്ച് 2.85 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.

കുറഞ്ഞ നിരക്കിലുള്ള നിക്ഷേപങ്ങൾ കൂടുതൽ സമാഹരിക്കുന്നതിനായി സർക്കാർ ബിസിനസ് കൈകാര്യം ചെയ്യുന്നതിനായി മാത്രം ബാങ്ക് ഒരു സമർപ്പിത ശാഖ ആരംഭിച്ചതായി രാജീവ് പറഞ്ഞു.

ധനകാര്യ സഹമന്ത്രി ഭഗവത് കെ. കാരാദ് ഉദ്ഘാടനം ചെയ്ത ഈ പ്രത്യേക ശാഖ സർക്കാർ വകുപ്പുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും മികച്ച സേവനം നൽകും. റീട്ടെയിൽ വിഭാഗത്തിൽ ഭവന, വാഹന വായ്പയിൽ ഉൾപ്പെടെ പ്രത്യേക ഓഫറുകളും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.