തൃപ്രയാർ: കോവിഡ്‌കാലത്ത്‌ രോഗികൾക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും ജീവിതം വഴിമുട്ടിയവർക്കുമായി 2.2 കോടി രൂപയുടെ സന്നദ്ധസേവനപദ്ധതികൾ നടപ്പാക്കി. ജീവിതമാർഗം വഴിമുട്ടിയ വിധവകൾക്ക്‌ 140 വീടുകൾ, വലപ്പാട്ടെ 20 വാർഡുകളിലും നിർധനർക്ക്‌ ഓരോ വീട്‌ എന്നിവ ഇതിൽപ്പെടുന്നു. സർക്കാർ ആശുപത്രികൾക്ക്‌ വെന്റിലേറ്ററുകൾ, പി.പി.ഇ. കിറ്റ്‌ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ, അവശ്യമരുന്നുകൾ എന്നിവ വിതരണം ചെയ്തു.

ചികിത്സാകേന്ദ്രങ്ങളിലേക്ക്‌ ആവശ്യമായ ഡയാലിസിസ്‌ യൂണിറ്റുകളും മണപ്പുറം ഫൗണ്ടേഷൻ വിതരണം ചെയ്തിട്ടുണ്ട്‌. കുട്ടികൾക്ക്‌ സ്മാർട്ട്‌ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പാക്കി. തൊഴിലാളികുടുംബങ്ങൾക്ക്‌ ഭക്ഷ്യകിറ്റും അവശ്യവസ്തുക്കളും ഓട്ടോറിക്ഷാതൊഴിലാളികൾക്ക്‌ കോവിഡ്‌ പ്രതിരോധ ഷീൽഡ്‌ ഉൾപ്പെടെയുള്ള സഹായങ്ങളും എത്തിച്ചു.

അർബുദബാധിതരായ കുട്ടികൾക്ക്‌ ചികിത്സാസഹായം നൽകുന്ന പദ്ധതിയും നടപ്പാക്കി. വി.പി. നന്ദകുമാറിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച പദ്ധതിയാണ്‌ ‘ജന്മനാടിനൊപ്പം മണപ്പുറം’. വലപ്പാടിനുവേണ്ടി അവതരിപ്പിച്ച സമഗ്രപദ്ധതിയാണിത്‌. വലപ്പാട്‌ പഞ്ചായത്തിലെ ഓരോ വാർഡിലുമായി 20 നിർധനകുടുംബങ്ങൾക്ക്‌ വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിയാണിത്‌.