കൊച്ചി: അമേരിക്കൻ ശതകോടീശ്വരൻ ജെഫ് ബെസോസ് തന്റെ കമ്പനിയായ ആമസോണിലെ 250 കോടി ഡോളറിന്റെ ഓഹരികൾ വിറ്റഴിച്ചു. അതായത്, 18,750 കോടി രൂപയുടെ ഓഹരികൾ. മൊത്തം 7.39 ലക്ഷം ഓഹരികളാണ് അദ്ദേഹം ഈയാഴ്ച വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ഇതിന്റെ നാലു മടങ്ങ് ഓഹരികൾ വിറ്റിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് കമ്പനിയിൽ 10 ശതമാനത്തിലേറെ ഓഹരിപങ്കാളിത്തമുണ്ട്. 19,130 കോടി ഡോളർ ആസ്തിയുള്ള അദ്ദേഹത്തിന് ഇതിന്റെ നല്ല പങ്കും സംഭാവന ചെയ്യുന്നത് ഈ ഓഹരികളുടെ മൂല്യം തന്നെയാണ്.

വീണ്ടും 20 ലക്ഷം ഓഹരികൾ കൂടി വിറ്റഴിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പുതുതായി അദ്ദേഹം ആരംഭിക്കുന്ന ‘ബ്ലൂ ഒറിജിൻ’ എന്ന റോക്കറ്റ് കമ്പനിയിലേക്കാണ് ഓഹരി വിറ്റുകിട്ടുന്ന പണം മുടക്കുന്നത്.