കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) 2020-21 സാമ്പത്തിക വർഷം 218.40 കോടി രൂപയുടെ റെക്കോഡ് അറ്റാദായം നേടി. മുൻവർഷത്തെ 12.72 കോടി രൂപയെ അപേക്ഷിച്ച് 1,617 ശതമാനം കുതിപ്പ്. വാർഷിക വരുമാനം 1,731.50 കോടിയിൽ നിന്ന് 2,273.11 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 1,872 കോടി രൂപയായി വർധിച്ചു.

2021 മാർച്ചിൽ അവസാനിച്ച മൂന്നുമാസ കാലയളവിൽ 42.89 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 59.70 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ബാങ്കിന്റെ മൊത്തം കിട്ടാക്കടം വായ്പയുടെ 2.68 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.17 ശതമാനമായും കുറയ്ക്കാൻ കഴിഞ്ഞു.

നൂറാം വാർഷികം ആഘോഷിക്കുന്ന ബാങ്ക് ഈ വർഷം 200 ശാഖകൾ പുതുതായി ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.

നിലവിൽ 514 ശാഖകളാണ് ബാങ്കിനുള്ളത്. ഇതിൽ 101 എണ്ണവും തൃശ്ശൂർ ജില്ലയിലാണ്. ഇവയിൽ ചിലത് ലയിപ്പിക്കും. അതേസമയം, വടക്കൻ കേരളത്തിൽ കൂടുതൽ ശാഖകൾ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.