കൊച്ചി: 1,000 രൂപയിൽ താഴെ വിലവരുന്ന തുണിത്തരങ്ങൾക്ക് ജി.എസ്.ടി. അഞ്ച്‌ ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഗാർമെന്റ്സ് ആൻഡ് ടെക്സ്‌റ്റൈൽ ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ.) സംസ്ഥാന കൗൺസിൽ യോഗം. ഇതിനുവേണ്ടി കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ജി.എസ്.ടി. നിരക്ക് വർധനയോടെ സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റിനൊപ്പം തകരുന്നത് ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വർധന പിൻവലിച്ച് ഡിസംബർ 31-നു എം.ആർ.പി. രേഖപ്പെടുത്തിയിട്ടുള്ള, വ്യാപാരികളുടെ കൈവശമുള്ള എല്ലാ വസ്ത്രങ്ങൾക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എം.എസ്.എം.ഇ.യിൽ ഉൾപ്പെടുത്തിക്കൊണ്ട് വ്യവസായങ്ങൾക്ക് നൽകിവരുന്ന ഇളവുകൾ വസ്ത്രവ്യാപാര മേഖലയ്ക്കുകൂടി ബാധകമാക്കുക, പലിശരഹിത വായ്പ, വൈദ്യുതി ചാർജ് ഇളവുകൾ എന്നിവ ലഭ്യമാക്കുക, വായ്പാ മൊറട്ടോറിയം പ്രഖ്യാപിക്കുക, ഓൺലൈൻ കുത്തകകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചു.

പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ്‌ മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ, ട്രഷറർ എസ്. ബഷ്യാം (ബാബു), രക്ഷാധികാരി ശങ്കരൻകുട്ടി സ്വയംവര, വനിതാ വിങ് പ്രസിഡന്റ് ബീന കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജൗഹർ ടൺടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാൽ പൂജ, ടി.എ. ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയൽ തുടങ്ങിയവർ സംസാരിച്ചു.