കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം സംസ്ഥാന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും തലവേദനയാകുന്നു. വിലക്കയറ്റവും ലഭ്യതക്കുറവും കാരണം മേഖലയിലെ ഉത്പാദന യൂണിറ്റുകൾ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്.

കോവിഡ് രൂക്ഷമായിരുന്ന കാലത്തെ അപേക്ഷിച്ച് വിൽപ്പന മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡിനുമുൻപുള്ളതിന്റെ 70-75 ശതമാനത്തോളം വിൽപ്പന എം.എസ്.എം.ഇ. മേഖലയിൽ നടക്കുന്നുണ്ട്. എന്നാൽ, അതിനിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ വിലവർധന പ്രശ്നമായി തുടരുന്നതെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ.) പ്രസിഡന്റ് എം. ഖാലിദ് പറഞ്ഞു.

വിലക്കയറ്റം എല്ലാ മേഖകളിലും പ്രകടമാണ്. പ്ലാസ്റ്റിക് നിർമാണത്തിന്‌ ഉപയോഗിക്കുന്ന പോളി പ്രൊപ്പലീൻ, പോളി വിനൈൽ ക്ലോറൈഡ്, മെഴുക് നിർമാണത്തിന് ഉപയോഗത്തിന് പാരഫിൻ വാക്സ്, പ്രിന്റിങ് പേപ്പർ, ക്രാഫ്റ്റ് പേപ്പർ എന്നിവയ്ക്കൊക്കെ 20-25 ശതമാനത്തോളം വില കൂടിയിട്ടുണ്ട്.

സിമന്റ്, സ്റ്റീൽ, കമ്പി എന്നിവയുടെ വിലക്കയറ്റം ഹോളോ ബ്രിക്സ്, ഫർണിച്ചർ നിർമാണം എന്നിവയ്ക്കും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എം.എസ്.എം.ഇ.കൾക്കും തിരിച്ചടിയായി.

ഇറക്കുമതി കുറഞ്ഞതാണ് മിക്ക അസംസ്‌കൃത വസ്തുക്കളുടെയും വിലക്കയറ്റത്തിന് കാരണം. ഉത്പാദന ചെലവ് കൂടിയെങ്കിലും ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ വിലകൂട്ടി വിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എം.എസ്.എം.ഇ.കൾ പറയുന്നു.

പേപ്പർ പെട്ടികളുടെ നിർമാണം പ്രതിസന്ധിയിൽ

ക്രാഫ്റ്റ് പേപ്പറിന്റെ വിലക്കയറ്റം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ കൊറുഗേറ്റഡ് ബോക്സ് (പേപ്പർ പെട്ടികൾ) നിർമാതാക്കളും. കൊറുഗേറ്റഡ് ബോക്സ് നിർമാണത്തിനാവശ്യമായ ക്രാഫ്റ്റ് പേപ്പറുകൾ കേരളത്തിൽത്തന്നെ നിർമിക്കുന്നവയാണ്. എന്നാൽ, ഇതിനാവശ്യമായ വേസ്റ്റ് പേപ്പറുകൾ കൂടുതലും ഇന്ത്യയിലേക്ക്‌ എത്തുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഈ വരവ് കുറഞ്ഞതും യു.എസിൽ നിന്ന് കൂടിയ വിലയ്ക്ക് ഇന്ത്യ വേസ്റ്റ് എടുക്കുന്നതുമാണ് ക്രാഫ്റ്റ് പേപ്പറുകളുടെ വിലക്കയറ്റത്തിന് കാരണം. കൂടാതെ, ആഭ്യന്തര വിപണിയിൽ പേപ്പർ ലഭ്യത കുറഞ്ഞതും പേപ്പർ മില്ലുകളുടെ പ്രധാന ഊർജ സ്രോതസ്സായ കൽക്കരി വില കൂടിയതും തിരിച്ചടിയായി.

കഴിഞ്ഞ പത്തു ദിവസത്തിനിടെ ഒരു ടൺ ക്രാഫ്റ്റ് പേപ്പറിന്റെ വിലയിൽ 5,000 രൂപയുടെ വർധനയുണ്ടായി. ഇതുകൂടാതെ, കൊറുഗേറ്റഡ് ബോക്സ് നിർമാണത്തിനാവശ്യമായ സ്റ്റാർച്ചിന്റെ വിലയും ഒരു മാസത്തിനിടെ ടണ്ണിന് 4,000 രൂപയോളം വർധിച്ചു. സ്ട്രാപ്പിന് 15-20 ശതമാനവും സ്റ്റിച്ചിങ് കോയിലിന് 30-40 ശതമാനവും വില കൂടിയിട്ടുണ്ടെന്ന് കൊറുഗേറ്റഡ് ബോക്സ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ജി. രാജീവ് പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം 270 വ്യവസായങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 100 കോടി രൂപയിലധികമാണ് മേഖലയിലെ പ്രതിമാസ വിറ്റുവരവ്. കയറ്റുമതിയിലുണ്ടായ പ്രതിസന്ധിയും വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കയറ്റുമതിക്കടക്കം കൊറുഗേറ്റഡ് ബോക്സുകൾ ഉപയോഗിക്കുന്നുണ്ട്.

കൂടാതെ, ഇവയുടെ ജി.എസ്.ടി. 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതും വെല്ലുവിളിയായി. ഈ പ്രതിസന്ധികളെല്ലാം പേപ്പർ പെട്ടികളുടെ നിർമാണച്ചെലവ് ടണ്ണിന് 1,500 രൂപ മുതൽ 2,000 രൂപ വരെ വർധിപ്പിച്ചിട്ടുണ്ടെന്നും കൊറുഗേറ്റഡ് ബോക്സ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ പറയുന്നു.