തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷൻ ഷോ വേദികളിൽ തിളങ്ങാൻ ബാലരാമപുരം കൈത്തറിയും തയ്യാറെടുക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാഷൻ ഡിസൈനർ സഞ്ജന ജോൺ ബാലരാമപുരം കൈത്തറിയുടെ അന്താരാഷ്ട്രാതലത്തിലേക്കുള്ള വളർച്ചയ്ക്കായി പ്രവർത്തിക്കും. സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ) വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ബാലരാമപുരം കൈത്തറിയുടെ നവീകരണത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരൻ, സഞ്ജനയുടെ സഹകരണം തേടിയിരുന്നു. തുടർന്ന് മിസ് കേരള മത്സരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സഞ്ജന, സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാറുമായി ചർച്ചകൾ നടത്തി. അടുത്ത മാർച്ചിൽ നടക്കുന്ന ഓസ്‌കർ അവാർഡ് വേദിയിൽ താരങ്ങൾക്ക് ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിൽ ബാലരാമപുരം കൈത്തറിയെക്കൂടി പരിഗണിക്കുമെന്നും സഞ്ജന അറിയിച്ചു.

ഇതിന് മുന്നോടിയായി സഞ്ജന ബാലരാമപുരത്തെ നെയ്ത്തുശാലകൾ സന്ദർശിക്കും. ബാലരാമപുരം കൈത്തറിക്ക് അന്താരാഷ്ട്ര ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലുള്ള മാറ്റം ആവശ്യമാണെന്നും കൈത്തറിയുടെ ഭംഗിയും പാരമ്പര്യവും ലോകം മുഴുവൻ എത്തിക്കാനുള്ള നവീകരണമാണ് നടക്കേണ്ടതെന്നും സഞ്ജന അഭിപ്രായപ്പെട്ടു. കരകൗശല വിദഗ്ധർ, നബാർഡ്, സിസ എന്നിവയെ ഉൾപ്പെടുത്തി കൈത്തറി നെയ്ത്ത് വ്യവസായത്തിന് പുനരുജ്ജീവനപദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി വി.മുരളീധരൻ പറഞ്ഞു.