കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച സ്വർണം പവന് 480 രൂപ വർധിച്ച് വില 34,400 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 4,300 രൂപയായി. രണ്ട് തവണയായിട്ടാണ് വില വർധിച്ചത്. ചൊവ്വാഴ്ച പവന് 33,920 രൂപയും ഗ്രാമിന് 4,240 രൂപയുമായിരുന്നു.

മാർച്ച് 31-ന് 32,880 രൂപയിലെത്തി പവൻവില 11 മാസത്തെ താഴ്ന്ന നിലയിലെത്തിയിരുന്നു. ആ നിലയിൽനിന്ന് ഒരാഴ്ച കൊണ്ട് 1,520 രൂപയുടെ വർധനയാണ് പവൻ വിലയിലുണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം ഇപ്പോൾ. ഏപ്രിൽ ഒന്നു മുതൽ വില തിരിച്ചുകയറുകയായിരുന്നു.

കോവിഡ് നിരക്ക് വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരാൻ തുടങ്ങിയതാണ് അന്താരാഷ്ട്ര വിപണിയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1,735 ഡോളറിലെത്തി നിൽക്കുകയാണ്.