കൊച്ചി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് 2020-21 സാമ്പത്തിക വർഷം 1,349 കോടി രൂപ ഉയർന്ന് 4,700 കോടി രൂപയിലെത്തി. ഇതു റെക്കോഡാണ്.

വായ്പാ അനുമതിയിലും തിരിച്ചടവിലും വൻ വർധന രേഖപ്പെടുത്തി. 2020-21-ൽ 4,139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നൽകിയത്. 244 ശതമാനമാണ് വളർച്ച. വായ്പാ വിതരണം 258 ശതമാനം ഉയർന്ന് 3,729 കോടി രൂപയിലെത്തി.

പ്രതിസന്ധി ഘട്ടത്തിലും വായ്‌പാ തിരിച്ചടവിൽ 262 ശതമാനം വർധനയുണ്ടായി. മുൻ വർഷം 1,082 കോടി രൂപയായിരുന്ന വായ്പാ തിരിച്ചടവ് 2,833 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം 334 കോടിയിൽനിന്ന്‌ 131 ശതമാനം വർധിച്ച് 436 കോടിയിലെത്തി.

മികച്ച പ്രവർത്തനം കൊണ്ടും ചെലവുകൾ ചുരുക്കിയതു കൊണ്ടും മികച്ച അറ്റാദായം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എഫ്.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.