കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ‘കേരള ഫീഡ്‌സ്’ കാലിത്തീറ്റയ്ക്ക് വില കൂട്ടിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയെക്കാൾ നിലവിൽ 95 രൂപ വരെ കുറവിലാണ് തങ്ങളുടെ ‘കേരള ഫീഡ്സ് എലൈറ്റ്’ വിൽക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ബി. ശ്രീകുമാർ വ്യക്തമാക്കി.

ഒരു സ്വകാര്യ കമ്പനിയുടെ പേരിലുള്ള കാലിത്തീറ്റ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെതാണെന്ന് തെറ്റിദ്ധരിച്ചാണ് മാധ്യമ വാർത്ത വന്നത്. എലൈറ്റ്, മിടുക്കി, ഡയറി റിച്ച് പ്ലസ് എന്നീ പേരുകളിലാണ് കേരള ഫീഡ്‌സിന്റെ കാലിത്തീറ്റകൾ വിപണിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിസന്ധിയിൽ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി 2020 മേയ് മാസം മുതൽ കേരള ഫീഡ്‌സ് തുടർച്ചയായി കാലിത്തീറ്റയ്ക്ക് വിലക്കിഴിവ് നൽകിവരികയാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴും ഈ വിലക്കിഴിവ് പൂർണമായി പിൻവലിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.