: പഞ്ച് തുറന്നിട്ട വഴിയിലേക്ക് മത്സരത്തിനായി എത്തുകയാണ് പ്രമുഖർ. ടൊയോട്ടയും പിന്നാലെ ഹ്യുണ്ടായും ഈ മൈക്രോ എസ്.യു.വി. ശ്രേണിയെ ചൂടുപിടിപ്പിക്കാൻ ഇറങ്ങുകയാണ്. ഹ്യുണ്ടായ് കുറച്ചുമുമ്പ് ‘കാസ്പർ’ എന്നൊരു വാഹനത്തെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ടൊയോട്ടയും ‘എയ്ഗോ എക്സി’നെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സബ് കോംപാക്ട് ക്രോസ് ഓവർ വിഭാഗത്തിലായിരിക്കും എയ്ഗോ എത്തുകയെന്നാണ് അറിയുന്നത്. ‘യാരിസി’ന്റേിയും ‘യാരിസ് ക്രോസി’ന്റേയും പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് എയ്ഗോ വരുന്നത്. യൂറോപ്യൻ വിപണിക്കു വേണ്ടിയാണ് എയ്ഗോ പുറത്തിറക്കിയിട്ടുളളത്.

ടൊയോട്ട എയ്ഗോ എക്സിന് അഴകളവുകൾ മില്ലി മീറ്ററിൽ ഇങ്ങനെയാണ് 3,700 നീളം, 1,740 വീതി, 1,510 ഉയരം എന്നിങ്ങനെയാണ്. ടാറ്റ പഞ്ചിനാകട്ടെ യഥാക്രമം 3,827, 1,742, 1,615 എന്നിങ്ങനെയാണ്. ടൊയോട്ട അധികം പരീക്ഷിക്കാത്ത നിറമാണ് എയ്ഗോയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. കറുപ്പിന് സമാസമം ചുവപ്പ്, നീല, പച്ച, ചന്ദനനിറം എന്നിവയൊക്കെ ശരീരത്തിൽ പൂശിയിരിക്കുന്നു. ഇതുവരെ കണ്ട ടൊയോട്ട വാഹനങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന രൂപവും ഭാവവുമെല്ലാമാണ് എയ്ഗോയെ വ്യത്യസ്ഥനാക്കുന്നത്. സ്പോർട്ടിയും അതേസമയം, ക്രോസ്ഓവർ പരുക്കനാക്കാനും ശ്രമം നടത്തിയിട്ടുണ്ട്. വലിയ ഫ്രണ്ട് ഗ്രില്ലിലും ഫോഗ് ലാമ്പിലുമെല്ലാം അതിനുള്ള ശ്രമങ്ങൾ കാണാം. 18 ഇഞ്ച് വീലുകളും ചേരുമ്പോൾ വശക്കാഴ്ച മനോഹരമാണ്. മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്‌ വീലും ഒമ്പതിഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമുണ്ട്. 231 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസോടെയാണ് എയ്ഗോ എത്തുന്നത്.

1.0 ലിറ്റർ ത്രീ സിലിൻഡർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിന് പരമാവധി 72 ബി.എച്ച്.പി. കരുത്തും 205 എൻ.എം. വരെ ടോർക്കും സൃഷ്ടിക്കാനാവും. സി.വി.ടി. ഗിയർബോക്സുമായിട്ടാണ് എയ്ഗോ വരുന്നതെന്നാണ് കമ്പനിയുടെ സാക്ഷ്യം. എന്നാൽ, ഇന്ത്യയിലേക്കുള്ള വരവ് എപ്പോഴെന്ന് ഇപ്പോഴും വ്യക്തല്ല.