കൊച്ചി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഇൻഡൊനീഷ്യൻ സർക്കാർ ഉന്നത ബഹുമതികളിലൊന്നായ ‘പ്രിമ ദുത്ത’ പുരസ്കാരം നൽകി ആദരിച്ചു. ഇൻഡൊനീഷ്യയുടെ വാണിജ്യ-വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ സർക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു. ഇൻഡൊനീഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, സ്ഥാനപതികൾ അടക്കമുള്ള പ്രമുഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇൻഡൊനീഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇൻഡൊനീഷ്യയിൽ നിലവിലുള്ള അഞ്ച് ഹൈപ്പർമാർക്കറ്റുകൾ കൂടാതെ, അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള ‘എ.ഡി.ക്യു.’വുമായി ചേർന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ ഉൾപ്പെടെ 30 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുടങ്ങാനും ഇ-കൊമേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.