കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ടെക്സ്റ്റൈൽ കോർപ്പറേഷൻ കോവിഡ് പ്രതിസന്ധിക്കിടയിലും പ്രവർത്തനമികവിലേക്ക് നീങ്ങുന്നു. 2020-ൽ എട്ടുകോടി രൂപ നഷ്ടം നേരിട്ടിരുന്ന കോർപ്പറേഷൻ, ഒക്ടോബറിൽ അത് 83,000 രൂപയായി കുറച്ചു. നവംബറോടെ പ്രവർത്തനലാഭം നേടുമെന്ന് വ്യവസായമന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. പത്ത്‌ വർഷത്തിനു ശേഷമാണ് കോർപ്പറേഷൻ പ്രവർത്തനലാഭത്തിൽ എത്തുന്നത്.

യൂണിറ്റുകളുടെ ശേഷി വിനിയോഗം, ഉത്പാദനം, വിൽപ്പന എന്നിവയിലെല്ലാം പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞു. യൂണിറ്റുകളുടെ ശേഷിവിനിയോഗത്തിൽ 86 ശതമാനം ഒക്ടോബറിൽ കൈവരിച്ചു. ഉത്പാദനത്തിൽ 114 ശതമാനം വർധനയാണ് 2020-നെ അപേക്ഷിച്ച് നടപ്പുവർഷം നേടിയത്. 19.73 ലക്ഷം കിലോ നൂൽ ഉത്പാദിപ്പിച്ചു. 53.42 കോടി രൂപയുടെ വിൽപ്പന നടത്തി. ഈ വർഷത്തെ ലക്ഷ്യമായ 120 കോടി രൂപയുടെ വിൽപ്പന സാധ്യമാക്കാനാണ് ശ്രമം.

ഏഴ് യൂണിറ്റുകളാണ് കോർപ്പറേഷന് കീഴിലുള്ളത്. കോവിഡ് നിയന്ത്രണങ്ങൾമൂലം ഈ സാമ്പത്തികവർഷം നാലുമാസം മാത്രമാണ് സാധാരണനിലയിൽ പ്രവർത്തിച്ചത്. അടഞ്ഞുകിടക്കുന്ന കോട്ടയം ടെക്സ്റ്റൈൽസ് 15 മുതൽ തുറന്നുപ്രവർത്തിപ്പിക്കാനും യോഗം തീരുമാനിച്ചു.