തൃശ്ശൂർ: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജൂവലേഴ്‌സ്‌ തൃശ്ശൂർ അമല ആശുപത്രിയുമായി ചേർന്ന്‌ 200 കോവിഡ്‌ രോഗികൾക്ക്‌ ചികിത്സാസഹായം ലഭ്യമാക്കും.

അമല ആശുപത്രിയുടെ ഐ.സി.യു.വിലെ 20 രോഗികൾക്കും വാർഡിലെ 180 രോഗികൾക്കുമാണ്‌ സഹായം. ആശുപത്രി നിർദേശിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക്‌ ചികിത്സച്ചെലവിന്റെ ഒരു നിശ്ചിതശതമാനം നൽകും.

മഹാമാരിയുടെ കാലത്ത്‌ അർഹരായവർക്ക്‌ സഹായമെത്തിക്കേണ്ടത്‌ കടമയായി കരുതുന്നുവെന്ന്‌ കല്യാൺ ജൂവലേഴ്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമൻ പറഞ്ഞു. രോഗികൾക്ക്‌ സഹായം നൽകുന്ന കല്യാൺ ജൂവലേഴ്‌സിനെ അഭിനന്ദിക്കുന്നുവെന്ന്‌ അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ്‌ അറയ്ക്കൽ സി.എം.ഐ. പറഞ്ഞു.