കൊച്ചി: സ്വർണ വില പവന് ചൊവ്വാഴ്ച 120 രൂപ വർധിച്ച് 33,920 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 4,240 രൂപയിലുമെത്തി. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

മാർച്ച് ഒന്നിന് 34,440 രൂപയായിരുന്ന പവൻവില 31-ന് 32,880 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ആ നിലയിൽനിന്ന് ആറുദിവസം കൊണ്ട് 1,040 രൂപയാണ് കൂടിയത്.

കോവിഡ് വ്യാപനം വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരാൻ തുടങ്ങിയത് സമ്പദ്ഘടനയിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ എല്ലാക്കാലത്തും സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,736 ഡോളറിലെത്തി നിൽക്കുകയാണ്.