കൊച്ചി: ഓൺലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ട് അപ്പായ ‘സ്വിഗി’ വിവിധ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നായി 80 കോടി ഡോളർ സമാഹരിച്ചു. അതായത്, 5,862 കോടി രൂപ. കമ്പനിക്ക് 500 കോടി ഡോളർ (36,650 കോടി രൂപ) മൂല്യം കൽപ്പിച്ചുകൊണ്ടുള്ളതാണ് ഇടപാട്.

ഫാൽക്കൺ എഡ്ജ് കാപ്പിറ്റൽ, അമാൻസ കാപ്പിറ്റൽ, തിങ്ക് ഇൻവെസ്റ്റ്‌മെന്റ്‌സ്, കാർമിഗ്നാക്, ഗോൾഡ്മാൻ സാക്സ് തുടങ്ങി നിക്ഷേപക രംഗത്തെ ആഗോള വമ്പന്മാർ പലരും ഇത്തവണത്തെ റൗണ്ടിൽ പങ്കാളികളായി. സീരീസ് ‘ജെ’ റൗണ്ടാണ് ഇത്.

റെസ്റ്റോറന്റുകളിൽനിന്നുള്ള ഭക്ഷണങ്ങളുടെ ഡെലിവറിക്കു പുറമെ, പലവ്യഞ്ജനങ്ങളുടെ ഓൺലൈൻ ഡെലിവറിയും ‘സ്വിഗി’ ഇപ്പോൾ നിർവഹിക്കുന്നുണ്ട്.

എതിരാളികളായ ‘സൊമാറ്റോ’ അടുത്ത മാസം പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ 5,000 കോടി രൂപ സമാഹരിക്കാനിരിക്കുന്നതിനിടെയാണ് സ്വിഗി 5,862 കോടി രൂപയുടെ മൂലധന സമാഹരണം നടത്തിയിരിക്കുന്നത്.