കൊച്ചി: യു.എസ്. ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപക സ്ഥാപനമായ ‘കെ.കെ.ആർ. ആൻഡ് കമ്പനി’ 1,500 കോടി ഡോളർ സമാഹരിച്ചു. അതായത്, ഏതാണ്ട് 1.10 ലക്ഷം കോടി രൂപ. ഏഷ്യൻ ഫണ്ടിനു വേണ്ടി ഒരു നിക്ഷേപക സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണ് ഇത്.

നിലവിലുള്ള നിക്ഷേപകരും പുതിയ നിക്ഷേപകരും വൻതോതിൽ ഫണ്ടിൽ പണമിറക്കി. ഫണ്ട് ഏറ്റവുമധികം തുക ചെലവഴിക്കുക ഇന്ത്യൻ കമ്പനികളിലായിരിക്കും.

2005-ലാണ് കെ.കെ.ആർ. ആദ്യമായി ഏഷ്യ-പസഫിക് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. നിലവിൽ 3,000 കോടി ഡോളറിന്റെ ആസ്തി ഏഷ്യയിൽ കൈകാര്യം ചെയ്യുന്നുണ്ട്, അതായത് 2.20 ലക്ഷം കോടി രൂപ. പ്രൈവറ്റ് ഇക്വിറ്റി, അടിസ്ഥാന സൗകര്യം, റിയൽ എസ്റ്റേറ്റ്, വായ്പ എന്നീ വിഭാഗങ്ങളിലായാണ് ഇത്. പ്രൈവറ്റ് ഇക്വിറ്റിയിൽ മാത്രം ഈ മേഖലയിലെ 11 രാജ്യങ്ങളിലായി 60-ഓളം കമ്പനികളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.