മുതലമട: മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന വി. കല്യാണം സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളിയായതിന്റെ സ്മരണയിലാണ് ട്രസ്റ്റ് ചെയർമാൻ സുനിൽദാസ്. രണ്ടുതവണ സ്നേഹാശ്രമത്തിലെത്തിയ വി. കല്യാണം തന്റെ അമൂല്യശേഖരങ്ങളും സുനിൽദാസിനു സമ്മാനിച്ചിരുന്നു. ഗാന്ധിജിക്കൊപ്പമുണ്ടായിരുന്ന നാളുകളിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന ചർക്ക, സ്വാതന്ത്ര്യസമരകാലത്തെയും 1947 ഓഗസ്റ്റ് 15-ലെയും അപൂർവവാർത്തകളടങ്ങിയ പത്രങ്ങൾ, മൗണ്ട് ബാറ്റൺ ഉപയോഗിച്ചിരുന്ന കപ്പ് ഉൾപ്പെടെയുള്ള പാത്രങ്ങൾ എന്നിവ നൽകിയിരുന്നു.

കൂടാതെ സ്നേഹാശ്രമത്തിൽ ചില്ലിട്ടുവെച്ചിട്ടുള്ള, എലിസബത്ത് രാജ്ഞി മഹാത്മാഗാന്ധിക്ക് അയച്ച കത്ത്, ജവഹർലാൽ നെഹ്‌റു ഗാന്ധിജിക്ക് അയച്ച കത്ത് തുടങ്ങിയവയും കല്യാണം സുനിൽദാസിനു കൈമാറിയതാണ്. പ്രോസ്‌ട്രേറ്റ് ക്യാൻസറിനെക്കുറിച്ചുള്ള ആരോഗ്യാവബോധപരിപാടിയിലെ പ്രധാന വ്യക്തിഗതപങ്കാളിയെന്ന നിലയിൽ സുനിൽദാസിനു ലഭിച്ച ഗിന്നസ് പുരസ്‌കാരം ചെന്നൈയിൽവെച്ച്‌ സമ്മാനിച്ചത് അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയിലായിരുന്നു. കുടിവെള്ള, ഭക്ഷണവിതരണത്തിനു സുനിൽദാസിനു ലഭിച്ച ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോഡ് കൈമാറിയതും വി. കല്യാണമാണ്. സ്നേഹം ട്രസ്റ്റിന്റെ അന്നദാന, കുടിവെള്ള പദ്ധതികളിൽ പങ്കാളിയാകാൻ കല്യാണം മകൾ മാലിനി കല്യാണത്തിനൊപ്പമാണ് മുതലമടയിൽ എത്തിയിരുന്നത്.