കോട്ടയം: മിതമായ നിരക്കിൽ അത്യാധുനിക ചികിത്സകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു. ഇതിന്റെ ഉദ്ഘാടനം മാർച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ എം.എൽ.എ., സി.പി.എം. നേതാവ് കെ.ജെ.തോമസ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ജി.രാജമാണിക്കം തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ അറിയിച്ചു.

പമ്പാ നദിയോട് ചേർന്നുള്ള 5.5 ഏക്കറിലാണ് ആശുപത്രി. 18 പ്രധാന വിഭാഗങ്ങളിലും 14 ഉപ വിഭാഗങ്ങളിലുമായി 70 ഡോക്ടർമാരുടെയും 450-ലേറെ ജീവനക്കാരുടെയും സേവനം ലഭിക്കും.

യു.എ.ഇ.യിലെ ബോസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.എം.ഡി.യും കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റൽ സ്ഥാപകനും വൈസ് ചെയർമാനും വെൽകെയർ ഹോസ്പിറ്റൽ, വെൽകെയർ കോളേജ് ഓഫ് നഴ്‌സിങ് എന്നിവയുടെ ചെയർമാനുമായ പി.എം.സെബാസ്റ്റ്യൻ ആശുപത്രി ചെയർമാനും ഡയറക്ടർ ബോർഡംഗവുമാണ്.

രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിൽ ഒരാളും മദ്രാസ് മെഡിക്കൽ മിഷൻ സ്ഥാപക ഡയറക്ടറുമായ 45,000-ത്തിലേറെ ഹൃദയശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഡോ. കെ.എം.ചെറിയാനാണ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗത്തെ നയിക്കുന്നത്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഹോണററി സർജനായിരുന്ന ഡോ. ചെറിയാനെ 1991-ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. ഹാർട്ട് ബൈപ്പാസ് ശസ്ത്രക്രിയ, ഹാർട്ട്-ലങ് ട്രാൻസ്‌പ്ളാന്റ്, പീഡിയാട്രിക് ട്രാൻസ്‌പ്ളാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവ ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ സർജനാണ് ഡോ. കെ.എം.ചെറിയാൻ.

ഇവിടെ ശസ്ത്രക്രിയകളുടെ ആവശ്യം കുറയ്ക്കുന്ന സ്റ്റെം സെൽ തെറാപ്പിയിൽ ഗവേഷണ സൗകര്യവും ഒരുക്കുമെന്ന് ആശുപത്രി വൈസ് ചെയർമാനും ഡയറക്ടർബോർഡംഗവുമായ സിബിൻ സെബാസ്റ്റ്യൻ പറഞ്ഞു.