നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച 16,806 ആയിരുന്നു ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തേണ്ട ആദ്യ സപ്പോർട്ട് ആയി കണ്ടിരുന്നത്. ഇതു നിലനിർത്തുകയാണെങ്കിൽ 17,214-17,400-17,600 നിലവാരങ്ങളിലേക്ക് ആശ്വാസറാലി പ്രതീക്ഷിക്കാമെന്നും കരുതിയിരുന്നു. 16,806 നിലനിർത്താനായില്ലെങ്കിൽ, 16,620-16,130-15,513 നിലവാരങ്ങളിലേക്ക് തിരുത്തൽ തുടരാം എന്നും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച 17,055 നിലവാരത്തിൽ ഓപ്പൺ ചെയ്ത നിഫ്റ്റി വൻ തകർച്ച നേരിട്ട് ഒരവസരത്തിൽ 16,782 വരെ എത്തുകയും പിന്നീട് അന്നു തന്നെ തിരിച്ചുകയറി 17,053-ൽ ക്ലോസ് ചെയ്യുകയുമുണ്ടായി. പിറ്റേന്ന് ഒരിക്കൽക്കൂടി താഴേക്ക് വന്നുവെങ്കിലും സപ്പോർട്ടുകൾ നിലനിർത്തി പിന്നീട് അടുത്ത രണ്ടുദിവസം കൊണ്ട് 17,401-ൽ എത്തി ക്ലോസ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച 17,496 എന്ന സമ്മർദരേഖയ്ക്ക് തൊട്ടടുത്തു നിന്ന്‌ വീണ്ടും തകർച്ചയെ നേരിട്ട് 17,196-ൽ എത്തിയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ‘ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തേക്ക് ഒട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയിലാണ് നിഫ്റ്റി കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.

17,496-ലെ സമ്മർദരേഖ ഭേദിച്ച് മുന്നേറുക എന്നതായിരുന്നു കഴിഞ്ഞദിവസം ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്നത്. ഇത് സാധ്യമായില്ലെങ്കിലും 17,059-ന് മുകളിൽ വാരാന്ത ക്ലോസിങ് നിലനിർത്താനായത് ബുള്ളുകൾക്ക് ആശ്വാസവുമായി.

ഇനി, വരുന്ന ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ പരിശോധിക്കാം:

താഴ്ന്ന നിലയിൽ, 17039-നു താഴേക്ക് വരുംദിനങ്ങളിൽ ക്ലോസ് ചെയ്യാൻ ഇടയായാൽ അത് കൂടുതൽ വിൽപ്പനസമ്മർദത്തിന്റെ ആദ്യ സൂചനയായി എടുക്കാം. പിന്നീട്, 16,782 നിലവാരമാവും അടുത്ത സപ്പോർട്ട്, ഇതും നഷ്ടപ്പെട്ടാൽ നിഫ്റ്റി 16,620-16,130-15,513 എന്നിങ്ങനെ നേരത്തെ സൂചിപ്പിച്ച നിലവാരങ്ങളിലേക്കുള്ള യാത്രയാവും പിന്നീട് നടത്തുക. ഈ ഓരോ നിലവാരങ്ങൾക്കടുത്തും തിരിച്ചുവരവിനുള്ള സാധ്യതകളുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇനി, ബുള്ളുകളുടെ സാധ്യതകൾ പരിശോധിക്കാം.

17,059 നിലവാരമാണ് വാരാന്ത ക്ലോസിങ് അടിസ്ഥാനത്തിൽ ബുള്ളുകളുടെ പിടിവള്ളി ആയി നിലനിൽക്കുന്നത്. ഇത് നിലനിൽക്കുന്നിടത്തോളം ബുള്ളുകൾ ഏതു വിധേനയും ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിക്കും. മുകളിലേക്ക് ഈയാഴ്ച ശ്രദ്ധിക്കേണ്ട ആദ്യ സമ്മർദമേഖല 17,380-ലേതാണ്. ഇതിനു മുകളിലേക്ക് ക്ലോസ് ചെയ്യുന്നത് ബുള്ളുകളെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരും. പിന്നീട്, 17,496 കൂടി ഭേദിച്ചെടുത്താൽ ബുള്ളുകളുടെ നില കുറേക്കൂടി ഭദ്രമാവുകയും ചെയ്യും. പിന്നെ, ശ്രദ്ധിക്കേണ്ടിവരിക 17,601 നിലവാരമാണ്. ഇത്രയും കടത്തിയെടുത്താൽ മാത്രമേ ഒരു ബുൾ റാലിക്ക് കളമൊരുങ്ങുകയുള്ളു.

ഇതുവരെയുള്ള നീക്കങ്ങൾ പരിശോധിച്ചാൽ ബെയറുകൾക്കു തന്നെയാണ് ഇപ്പോഴും മേൽക്കോയ്മ. 18,604 എന്ന നിലയിൽനിന്ന്‌ തുടങ്ങിയ ഈ തകർച്ചയ്ക്ക് 18,210-ലായിരുന്നു പിന്നീട് ഒരു ഉയർന്ന ടോപ്പ് ലഭിച്ചത്. അവിടെനിന്ന്‌ തുടർന്ന തകർച്ചയ്ക്ക് 17,600-ൽ ആയിരുന്നു അടുത്ത ടോപ്പ് ലഭിച്ചത്. അതിനുശേഷം തുടർന്ന തകർച്ച 16,782-ലേക്ക് എത്തിയ ശേഷമുള്ള തിരിച്ചുവരവിൽ ഇപ്പോൾ 18,490-ലുമാണ് ടോപ്പ് ലഭിച്ചത്. ഓരോ നീക്കത്തിലും ബെയറുകൾ മുന്നേറ്റം രേഖപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്. അതുകൊണ്ടുതന്നെ, 16,782-ന് താഴേക്ക് ഒരു പുതിയ താഴ്ന്ന നിലവാരം രേഖപ്പെടുത്താൻ ബെയറുകളും എന്നാൽ അതു തടയാൻ ബുള്ളുകളും ശ്രമിച്ചേക്കാം.

നിഫ്റ്റിയിൽ പ്രധാനമായും ഐ.ടി., മീഡിയ എന്നീ മേഖലകളാണ് ബുള്ളുകളുടെ നിയന്ത്രണം ഇതുവരെയും നഷ്ടപ്പെടുത്താത്ത രണ്ട് ഇൻഡക്സുകൾ. ഇതുകൂടാതെ, സ്മോൾ ക്യാപ്പ് ഇൻഡക്സും ബുള്ളുകൾക്കൊപ്പം തിരിച്ചെത്തിയിട്ടുമുണ്ട്. ബുള്ളുകൾ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ഇൻഡക്സുകൾ കമോഡിറ്റി, റിയാലിറ്റി, മെറ്റൽ, ഓട്ടോ, ബാങ്കിങ് സൂചികകളാണ്. തീർച്ചയായും ഡോളർ ഇൻഡക്സ്, ഇന്ത്യ വിക്സ് എന്നിവയൊക്കെ സൂചന നൽകുന്നത് വിപണിയുടെ നിയന്ത്രണം ബെയറുകളുടെ കൈയിൽത്തന്നെയാണ് എന്നുതന്നെയാണ്, ബുള്ളുകൾ പ്രതീക്ഷിക്കുന്നത് അദ്‌ഭുതങ്ങളും.

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറുമാണ് ലേഖകൻ)