കമ്പനികൾ, മറ്റു വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ എന്നിവ മുതൽ വ്യക്തികൾ വരെയുള്ളവർ വായ്പകളെക്കുറിച്ച് ആലോചിക്കുമ്പോൾ അവരുടെ മുന്നിലെത്തുന്ന പ്രധാന വിഷയം മെച്ചപ്പെട്ട ‘സിബിൽ സ്കോർ’ എങ്ങനെ ലഭ്യമാകും എന്നുള്ളതാണ്. കാരണം, ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി.), ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിങ്ങനെ ഏതുതരം വായ്പാദാതാക്കളിൽ നിന്നും വായ്പകളുടെ എളുപ്പത്തിലുള്ള ലഭ്യതയും കുറഞ്ഞ പലിശനിരക്കുമൊക്കെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്. പരമാവധി വായ്പാ തുകയും വായ്പ തിരിച്ചടയ്ക്കാനുള്ള കലാപരിധി നിശ്ചയിക്കുന്നതുമെല്ലാം ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ്.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ സിബിൽ തങ്ങളുടെ വ്യക്തികളായ ഉപഭോക്താക്കൾക്ക് നൽകുന്ന മാർക്കിന് ‘സ്കോർ’ എന്നും കമ്പനികളായ ഉപഭോക്താക്കൾക്ക് നൽകുന്ന മാർക്കിന് ‘റാങ്ക്’ എന്നുമാണ് വിളിക്കുന്നത്.

എന്താണ് സിബിൽ?

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് 2005-ന്റെ വ്യവസ്ഥകൾക്ക് വിധേയമായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ‘സിബിൽ’ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്. ക്രെഡിറ്റ് ഇൻഫർമേഷൻ (റെഗുലേഷൻ) ആക്ട് 2005 പ്രകാരം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വായ്പ-ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയെ അറിയിച്ചിരിക്കേണ്ടതാണ്. എക്‌സ്പീരിയൻ, ഹൈമാർക്ക് ഫെഡറൽ ക്രെഡിറ്റ് യൂണിയൻ, ഇക്വിഫാക്സ്, ട്രാൻസ് യൂണിയൻ സിബിൽ തുടങ്ങിയ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ഇതിൽ സിബിൽ ആണ് കൂടുതൽ പ്രചാരത്തിലുള്ളത്.

സിബിൽ റാങ്ക്

കമ്പനികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ പണം കടം കിട്ടാൻ യോഗ്യരായവരാണ് എന്നുള്ള സിബിൽ എന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയുടെ പ്രഖ്യാപനമാണ് ‘സിബിൽ റാങ്ക്’ എന്നു പറയുന്ന സംഖ്യാപരമായ പ്രതിരൂപം. സിബിൽ തയ്യാറാക്കുന്ന കമ്പനി ക്രെഡിറ്റ് റിപ്പോർട്ട് (സി.സി.ആർ.) ഒരു സംഖ്യയിലേക്ക് പരിണമിക്കുമ്പോഴാണ് സിബിൽ റാങ്ക് തയ്യാറാവുന്നത്. 10 മുതൽ ഒന്നു വരെയുള്ള റാങ്കുകൾ ആണ് കമ്പനികൾക്ക് സിബിൽ നൽകുന്നത്. ‘ഒന്ന്’ ആണ് ഏറ്റവും നല്ല റാങ്ക് ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും നാല് മുതൽ ഒന്നു വരെയുള്ള റാങ്കുകളാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പയ്ക്കായി പരിഗണിക്കുന്നത്. നിലവിൽ, 50 കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ള കമ്പനികൾക്കാണ് സിബിൽ റാങ്ക് അനുവദിക്കുന്നത്.

https://cibilrank.cibil.com എന്ന ഓൺലൈൻ പോർട്ടലിൽ ആണ് അപേക്ഷിക്കേണ്ടത്. 3,000 രൂപയാണ് ഇതിന് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷിക്കുമ്പോൾ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ പ്രാഥമിക വിവരങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിച്ച് ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ബാധ്യസ്ഥരാണ്.

കമ്പനി ക്രെഡിറ്റ് റിപ്പോർട്ട്

കമ്പനികളെക്കുറിച്ചും വ്യവസായ സ്ഥാപനങ്ങളെക്കുറിച്ചും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വസ്തുതാപരമായ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടാണ് കമ്പനി ക്രെഡിറ്റ് റിപ്പോർട്ട് (സി.സി.ആർ.). കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ വായ്പാ തിരിച്ചടവിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഭദ്രതയുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമഗ്രവും സർവതല സ്പർശിയുമായ റിപ്പോർട്ട് ആണ് ഇത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളാണ് ഇത് നൽകുന്നത്.

ധനകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും വായ്പാതിരിച്ചടവ് ശേഷിയെക്കുറിച്ചുമുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും വായ്പ അനുവദിക്കണമോ വേണ്ടയോ എന്ന തീരുമാനം പെട്ടെന്ന് എടുക്കാനും ഈ റിപ്പോർട്ട് ഉപകാരിക്കും.

സ്വാധീനിക്കുന്ന ഘടകങ്ങൾ

* കമ്പനികളുടെ പ്രവർത്തന കാലയളവിന്റെ ദൈർഘ്യവും സാമ്പത്തിക ഭദ്രതയും പോസിറ്റീവ് ആയും കുടിശ്ശികയായ വായ്പാ ബാധ്യതകൾ നെഗറ്റീവ് ആയും ബാധിക്കുന്നു.

* നിലവിലുള്ള വായ്പകളിലെയും ക്രെഡിറ്റ് കാർഡുകളിലെയും തിരിച്ചടവ് രീതി. ഉദാ: മാസത്തവണകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ സിബിൽ റാങ്കിനെ നെഗറ്റീവായി ബാധിക്കുന്നു.

* കമ്പനികളുടെ സാമ്പത്തിക ഭദ്രതയ്ക്കും മറ്റും അനുസരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള വായ്പാ പരിധിയുടെ ഉപയോഗത്തിന്റെ തോത് കൂടുന്നത് റാങ്കിനെ നെഗറ്റീവായി സ്വാധീനിക്കുന്നു. ധനകാര്യ വിദഗ്ധന്മാർ പറയുന്നത് വായ്പാ പരിധിയുടെ 25 മുതൽ 30 ശതമാനം വരെ മാത്രം ഉപയോഗിക്കുന്നവർക്കാണ് ഉയർന്ന സിബിൽ റാങ്ക് ലഭിക്കുന്നത് എന്നാണ്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ എടുത്തുവെച്ച് തീരെ ഉപയോഗിക്കാതിരിക്കുന്നതും സിബിൽ റാങ്കിനെ നെഗറ്റീവായി ബാധിക്കുന്ന ഘടകമാണ്.

* കമ്പനികളുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കപ്പെടുന്നത് വായ്പാ ആവശ്യങ്ങൾ മനസ്സിലാക്കാൻ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കും. ഇത് റാങ്കിനെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുന്നു.

* വായ്പകൾക്കായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നതിനു മുൻപ് കമ്പനികൾ തങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കേണ്ടതും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ച് തിരുത്താൻ വേണ്ട നടപടികൾ എടുക്കേണ്ടതുമാണ്. സിബിലിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി തർക്കങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. അതോടൊപ്പംതന്നെ, നമ്മുടെ രേഖകളിൽ തെറ്റ് വരുത്തിയ വായ്പാ സ്ഥാപനങ്ങളെ വിവരം അറിയിക്കുകയും വേണം.

* വായ്പാ തിരിച്ചടവ് കൃത്യമായി രേഖപ്പെടുത്താതിരിക്കുകയോ രേഖപ്പെടുത്തിയ തീയതികളിൽ വ്യത്യാസം കാണുകയോ ചെയ്താൽ സിബിൽ റാങ്കിനെ നെഗറ്റീവായി സ്വാധീനിക്കാൻ സാധ്യതയുണ്ട്.

* വായ്പകൾക്ക് വേണ്ടി വിവിധ ബാങ്കുകളെ സമീപിക്കുകയും അവർ ഓരോ തവണയും കമ്പനികളുടെ റാങ്ക് പരിശോധിക്കുകയും ചെയ്യുന്നത് കമ്പനികളുടെ സിബിൽ റാങ്ക് താഴുന്നതിന് കാരണമാവുന്നു. കമ്പനികൾ സ്വന്തംനിലയ്ക്ക് ശേഖരിക്കുന്ന സിബിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തെ മാത്രം സമീപിക്കുക എന്നതാണ് പരിഹാരമാർഗം.

* വ്യവസായങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന റിസ്‌കുകൾ. ഉദാ: റിയൽ എസ്റ്റേറ്റ് മേഖല വളരെയധികം ഉയർച്ച താഴ്ചകൾക്ക് വിധേയമാണ്. അതുകൊണ്ടുതന്നെ മേഖല പൊതുവേ താഴ്ചയിൽ നിൽക്കുന്ന സമയമാണെങ്കിൽ സിബിൽ റാങ്കിനെ നെഗറ്റീവായി ബാധിക്കാൻ സാധ്യതയുണ്ട്.

ജി.എസ്.ടി. റിപ്പോർട്ടും കമ്പനി

ക്രെഡിറ്റ് റിപ്പോർട്ടും

കമ്പനി ക്രെഡിറ്റ് റിപ്പോർട്ടിന്റെയും സിബിൽ റാങ്കിന്റെയും കൂടെ സ്ഥാപനങ്ങളുടെ ജി.എസ്.ടി. റിപ്പോർട്ടും ലഭ്യമാക്കുന്നതിനുള്ള സംവിധാനം സിബിൽ പോർട്ടലിൽ ഉണ്ട്. ജി.എസ്.ടി. രജിസ്‌ട്രേഷൻ നമ്പർ കൂടെ മറ്റ് വിവരങ്ങൾക്കൊപ്പം നൽകിയാൽ പ്രത്യേക ഫീസില്ലാതെ തന്നെ ജി.എസ്.ടി. റിപ്പോർട്ടും ലഭ്യമാകുന്നതാണ്. വായ്പ ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഉപഭോക്താക്കളുടെ വിൽക്കൽ-വാങ്ങൽ വിവരങ്ങൾ പ്രതിമാസ അടിസ്ഥാനത്തിൽ അറിയാനും സ്ഥാപനങ്ങളുടെ വിശ്വാസ്യതയും തിരിച്ചടവ് ശേഷിയേയും മനസ്സിലാക്കി വായ്പാ വിതരണത്തിന്റെ കാര്യത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ എളുപ്പത്തിലാക്കാനും ജി.എസ്.ടി. റിപ്പോർട്ട് സഹായിക്കുന്നു.

വായ്പ ഉപഭോക്താക്കൾ വായ്പാ തിരിച്ചടവിന്റെ കാര്യത്തിലും മറ്റും ജാഗ്രതയോടെ പെരുമാറുകയും ധനകാര്യസ്ഥാപനങ്ങൾ കൃത്യമായ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകുകയും ചെയ്താൽ വായ്പാ വിതരണ മേഖല വളരെയധികം സജീവമാക്കി നിർത്താൻ കഴിയും.

(തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി സെക്രട്ടറിയാണ് ലേഖകൻ)