ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ ‘സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്‌’ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരെന്ന് അതിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മസയോഷി സൺ. കഴിഞ്ഞദിവസം നടന്ന ഒരു ‘ഫിൻടെക്’ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ സന്ദർശിച്ചപ്പോൾ താൻ 500 കോടി ഡോളറിന്റെ നിക്ഷേപവാഗ്ദാനം നടത്തി. എന്നാൽ, ഈ വർഷം ജൂണിൽ മാത്രം 300 കോടി ഡോളറാണ് തങ്ങൾ ഇന്ത്യയിൽ മുതൽമുടക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ ‘യൂണികോൺ’ സ്റ്റാർട്ട് അപ്പുകളിൽ (100 കോടി ഡോളറിന് മുകളിൽ മൂല്യമുള്ള പുതുസംരംഭങ്ങൾ) 10 ശതമാനത്തിലും തങ്ങൾ മുതൽമുടക്കിയിട്ടുണ്ട്. പേടിഎം, പോളിസി ബസാർ, ഓയോ, ഡെലിവറി, അൺ അക്കാദമി, ഗ്രോഫേഴ്‌സ് എന്നിവ ഇതിൽപ്പെടുന്നു. ഫ്ലിപ്കാർട്ട്‌ ആണ് നിക്ഷേപം സ്വീകരിച്ച മറ്റൊരു കമ്പനി. ഇന്ത്യയുടെ ഭാവിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.