ആലപ്പുഴ: റിലയൻസിനുപിന്നാലെ ഒമാൻറെ പ്രതിരോധസേനയും കേരളത്തിലെ ഫർണിച്ചറിൽ ആകൃഷ്ടരായി. അവർ ഒരുവർഷത്തേക്ക് ഫർണിച്ചർ നൽകുന്നതിന്‌ കൊച്ചിയിലെ ഹൈഫൺ കമ്പനിയുമായി കരാറിലേർപ്പെട്ടു. ആദ്യഘട്ടത്തിൽ നാലുകോടിരൂപയുടെ ഫർണിച്ചറാണു കൊണ്ടുപോകുന്നത്.

ആദ്യ കണ്ടെയ്നർ പോയിക്കഴിഞ്ഞു. അടുത്ത രണ്ടെണ്ണം ഉടൻ പുറപ്പെടുമെന്ന് ഹൈഫൺ മാനേജിങ് ഡയറക്ടർ അനിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ അലമാരയും മേശയുമാണ് ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രാലയത്തിന്റെ ഓർഡറിനുപിന്നാലെ ഒമാനിൽനിന്നുതന്നെ കൂടുതൽ അന്വേഷണം എത്തിയതായി അനിൽ പറഞ്ഞു.

ചൈനയിൽനിന്നായിരുന്നു നേരത്തേ ഒമാൻ ഫർണിച്ചർ ഇറക്കിയിരുന്നത്. കോവിഡന്റെയും മറ്റും സാഹചര്യത്തിൽ പുതിയ സ്ഥലമന്വേഷിക്കുന്നതിനിടയിലാണു കേരളം ശ്രദ്ധയിൽപ്പെട്ടത്.

ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ്‌ മർച്ചന്റ്സ് അസോസിയേഷൻ(ഫുമ്മ) നടത്തിയ വെർച്വൽ എക്സ്പോയാണു കയറ്റുമതിക്കു വഴിതുറന്നതെന്നു സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ പറഞ്ഞു. എക്സ്പോയിൽ പങ്കെടുത്ത കേരളത്തിലെ മിക്ക വ്യാപാരികൾക്കും വിദേശത്തുനിന്ന്‌ വിളികളെത്തി.

റിലയൻസ് ലോകമെങ്ങുമുള്ള അവരുടെ ഓഫീസുകളിലേക്ക് ഫർണിച്ചർ നൽകാനാവുമോയെന്നു ചോദിക്കുകയും വ്യാപാരികൾക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു. കോവിഡ് കാരണം സമയത്ത് സാധനം എത്തിക്കാൻ പറ്റാത്ത പ്രശ്നമുണ്ട്.