കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ തീരദേശ ചരക്കുകപ്പൽ സർവീസുകൾ വരുന്നു. ജനുവരി ആദ്യവാരത്തോടെ പുതിയ കപ്പൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ കേരള മാരിടൈം ബോർഡ് നടപ്പിലാക്കിവരികയാണ്. കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കും സർവീസുകൾ വ്യാപിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ 27 കപ്പൽ സർവീസുകളാണ് കൊച്ചി, അഴിക്കൽ, ബേപ്പൂർ തുറമുഖങ്ങളിലെത്തിയത്. ഇതുവഴി 2,180 കണ്ടെയ്‌നറുകളാണ് ഈ കാലയളവിൽ വിവിധ തുറമുഖങ്ങളിൽ എത്തിച്ചത്. കൊച്ചി ഒഴികെയുള്ള തുറമുഖങ്ങൾ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്.

നിലവിൽ സർവീസുകൾ ഉണ്ടെങ്കിലും ആഴ്ചയിൽ മുടങ്ങാതെ രണ്ടു സർവീസുകൾ കൊണ്ടുവരാൻ മാരിടൈം ബോർഡ് ശ്രമിക്കുന്നുണ്ട്. ഇതിനായി ചർച്ചകൾ നടക്കുകയാണ്. അന്വേഷണങ്ങളിലും വർധനയുണ്ട്. കൂടുതൽ സർവീസ് വരുന്നതോടെ തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുമെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യു പറഞ്ഞു.

സിമന്റ് മുതൽ പ്ലൈവുഡ് വരെ

കേരള തീരത്തെ ഹ്രസ്വദൂര കണ്ടെയ്നർ കപ്പലുകളിൽ പ്രധാനമായും എത്തിക്കുന്നത് സിമന്റ്, ടൈൽ, പ്ലൈവുഡ് തുടങ്ങിയവയാണ്. കൂടാതെ, ഭക്ഷ്യവസ്തുക്കളും കേരള തീരത്ത് എത്തുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ടൈൽ, സിമന്റ് എന്നിവ കൂടുതലായി എത്തുന്നത്. അഴീക്കൽ തുറമുഖത്തു നിന്ന് മലേഷ്യയിലേക്ക് പ്ലൈവുഡ് വരെ കയറ്റി അയയ്ക്കുന്നുണ്ട്. സർവീസുകൾ കൂടുമ്പോൾ കൂടുതൽ ഉത്പന്നങ്ങൾ കേരള തീരത്തേക്കെത്തും. കേരളത്തിൻറെ കൂടുതൽ വിഭവങ്ങൾ വിദേശ വിപണിയിലേക്ക് കയറ്റിയയ്ക്കാനും സാധിക്കും. റോഡുമാർഗമുള്ള ചരക്ക് സർവീസ് എല്ലാംതന്നെ തീരദേശ സർവീസിലേക്ക് മാറുമ്പോൾ ട്രാഫിക്‌ കുറയുകയും കുറഞ്ഞനിരക്കിൽ ഉത്പന്നങ്ങൾ പെട്ടെന്ന് എത്തിക്കാൻ സാധിക്കുകയും ചെയ്യും.

താരിഫ് ഇളവ്

കൊച്ചി തുറമുഖത്ത് എത്തുന്ന കപ്പലുകൾക്ക് താരിഫ് ഇളവ് ലഭിക്കുന്നുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തുറമുഖങ്ങളിലെ താരിഫ് നിരക്കിൽ ഇളവു വരുത്തിയിരുന്നു. ഇത് കപ്പൽ കമ്പനികൾക്ക് ആശ്വാസമാണ്. തുറമുഖങ്ങളിൽ കപ്പൽ കമ്പനികൾ അടയ്ക്കേണ്ട നിരക്കിൽ 50-70 ശതമാനം വരെ ഇളവ് ലഭിക്കും. നിലവിൽ കൊച്ചി തുറമുഖത്ത് ഇത്തരം ചരക്കു കപ്പലുകൾ ഏകദേശം 35,000-40,000 രൂപ വരെയാണ് അടയ്ക്കേണ്ടത്. എന്നാൽ, കേരളത്തിലെ മറ്റു തുറമുഖങ്ങളിൽ വരുന്ന കപ്പലുകൾക്ക് താരിഫ് ഇളവ് ഇല്ല. ചെറിയ തുറമുഖങ്ങളിൽ 75,000-80,000 രൂപ വരെ കമ്പനികൾ അടയ്ക്കണം. ജി.എസ്.ടി. കൂടി കൂട്ടുമ്പോൾ ഇത് ഒരുലക്ഷത്തിനടുത്തെത്തും. അതേസമയം, വ്യവസ്ഥകൾ പ്രകാരമുള്ള ഇൻസെന്റീവുകൾ നൽകുന്നുണ്ട്.