കൊച്ചി: കേരളത്തിന്റെ ഐ.ടി. വികസനത്തിന് കുതിപ്പേകിക്കൊണ്ട് അമേരിക്കൻ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഐ.ബി.എം., കൊച്ചിയിൽ അത്യാധുനിക സോഫ്റ്റ്‌വേർ വികസന കേന്ദ്രം സ്ഥാപിക്കുന്നു. നിർമിത ബുദ്ധി (എ.ഐ.), ഹൈബ്രിഡ് ക്ലൗഡ് കംപ്യൂട്ടിങ് എന്നീ മേഖലകളിലെ മികവിന്റെ കേന്ദ്രമായിരിക്കും കൊച്ചിയിൽ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനുമായി ഐ.ബി.എം. ഇന്ത്യ മാനേജിങ് ഡയറക്ടർ സന്ദീപ് പട്ടേൽ, സോഫ്റ്റ്‌വേർ ലാബ്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ഗൗരവ് ശർമ എന്നിവർ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയിലാണ് തീരുമാനം.

അത്യാധുനിക പ്രൊഡക്ട് എൻജിനീയറിങ്, ഡിസൈൻ ആൻഡ് സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് സെന്ററായിരിക്കും കൊച്ചിയിൽ സ്ഥാപിക്കുക. ഇന്ത്യയിൽ ബെംഗളൂരു, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലുള്ള ഐ.ബി.ഐ. സോഫ്റ്റ്‌വേർ ലാബ്‌സിന്റെ മാതൃകയിലായിരിക്കും കൊച്ചി കേന്ദ്രവും. കൊച്ചിയിൽ എവിടെയായിരിക്കും കേന്ദ്ര സ്ഥാപിക്കുകയെന്നോ എത്ര പേർക്ക് തൊഴിലവസരമൊരുക്കുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സർക്കാരിന്റെയും ആഗോള ഉപഭോക്താക്കളുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനായി ഓട്ടോമേഷൻ, ഡേറ്റ, നിർമിത ബുദ്ധി, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ആഗോള ഡിസൈൻ തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ വികസിപ്പിക്കുന്നതിന് ഈ കേന്ദ്രം ശ്രദ്ധ ചെലുത്തും.

വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായി കേരളത്തെ വളർത്താനുള്ള കാഴ്ചപ്പാടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ ഐ.ബി.എം. പ്രതിനിധികളുമായി പങ്കുവെച്ചു. സംസ്ഥാനത്തിന്റെ വളർച്ചയിൽ സർക്കാരും വ്യവസായങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിവരിച്ചു.

ആഗോളതലത്തിൽ ശ്രദ്ധേയമായ പദ്ധതികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന്റെ ഭാഗമായാണ് കേരളത്തിലും സോഫ്റ്റ്‌വേർ ലാബ് സ്ഥാപിക്കുന്നതെന്ന് ഐ.ബി.എം. ഇന്ത്യ മാനേജിങ് ഡയറക്ടർ സന്ദീപ് പട്ടേൽ പറഞ്ഞു. ആഗോള വിപണിയിലേക്ക് പ്രതിഭാശാലികളെ സൃഷ്ടിക്കുന്ന തരത്തിൽ തദ്ദേശീയ കഴിവുകൾ സംസ്ഥാനത്ത് വളർത്തിയെടുക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐ.ടി. പ്രൊഫഷണലുകൾക്കും സംരംഭകർക്കുമുള്ള പ്രതിഭാ കേന്ദ്രമാണ് കേരളമെന്നും ഇവിടെ അത്യാധുനിക ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് ഐ.ബി.എമ്മിന് എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഡിജിറ്റൽ നവീകരണം വേഗത്തിലാക്കുകയും ചെയ്യുമെന്നും സംസ്ഥാനത്ത് ഐ.ടി., ഐ.ടി. അനുബന്ധ മേഖലയ്ക്ക് ശക്തമായ അടിത്തറ നൽകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഐ.ടി. പ്രൊഫഷണലുകൾക്ക് നല്ല കാലം

: ഐ.ബി.എം. കൊച്ചിയിൽ സോഫ്റ്റ്‌വേർ വികസന കേന്ദ്രം സ്ഥാപിക്കുമ്പോൾ ഒട്ടേറെ തൊഴിലവസരങ്ങളാവും സൃഷ്ടിക്കപ്പെടുക. സോഫ്റ്റ്‌വേർ എൻജിനീയർ, ഓട്ടോമേഷൻ മാനേജർ, ഡേറ്റ ബേസ് മാനേജർ, ക്ലൗഡ് ഡേറ്റ ബേസ് എൻജിനീയർ, ഫ്രണ്ട് എൻഡ് ഡെവലപ്പർ, ഇൻഫർമേഷൻ ഡെവലപ്പർ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യും.