കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി സ്റ്റേബിളി’ൽ നിന്ന്‌ ‘ബിബിബി പ്ലസ് സ്റ്റേബിൾ’ ആയി ഉയർത്തി. മുൻനിര റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്‌സ് ആണ് മുത്തൂറ്റ് മിനിക്ക് ഉയർന്ന റേറ്റിങ് നൽകിയത്. മികച്ച ബ്രാൻഡ് മൂല്യം, െപ്രാമോട്ടർമാരുടെ അനുഭവസമ്പത്ത്, മികച്ച ആസ്തി മൂല്യവും മൂലധന പര്യാപ്തതയും, ലാഭ സാധ്യതയിലും പ്രവർത്തനം വിപുലപ്പെടുത്തുന്നതിലും കാഴ്ചവെച്ച മുന്നേറ്റം എന്നീ ഘടകങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചത്.

കമ്പനി ശരിയായ ദിശയിലാണ് വളരുന്നത് എന്നതിന്റെ തെളിവാണ് മെച്ചപ്പെട്ട ഈ പുതിയ റേറ്റിങ്. കോർപറേറ്റ്, റീട്ടെയ്ൽ മേഖലകളിൽ പ്രവർത്തനം വിപുലപ്പെടുത്താൻ ഈ റേറ്റിങ് സഹായകമാകുമെന്നും മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം 18 ശതമാനം വളർച്ച നേടിയ മുത്തൂറ്റ് മിനി ഇതേ വർഷം കടപ്പത്രങ്ങളിലൂടെ (എൻ.സി.ഡി.) 700 കോടി രൂപ സമാഹരിച്ചിരുന്നു. ഇക്കാലയളവിൽ 23 ശാഖകളും അഞ്ച് സോണൽ ഓഫീസുകളും പുതുതായി ആരംഭിച്ചു. സ്വർണവായ്പാ മേഖലയിൽ ഡിജിറ്റൽ പുതുമകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. നടപ്പു സാമ്പത്തിക വർഷം 75 ശതമാനം വളർച്ചയും നൂറിലേറെ ശാഖകൾ തുറക്കാനുമാണ് ലക്ഷ്യമിടുന്നത്.