തിരുവനന്തപുരം: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മാർച്ച്‌ ഒന്നിന്‌ നിഷ്‌ക്രിയ ആസ്തിയല്ലാത്ത എല്ലാ കാലാവധി വായ്പക്കാർക്കും ആർ.ബി.ഐ.യുടെ കോവിഡ്‌-19 ആശ്വാസ പാക്കേജ്‌ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്ന്‌ ബാങ്ക്‌ അറിയിച്ചു. മൊറട്ടോറിയം ലഭിക്കാൻ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. മൊറട്ടോറിയം സംബന്ധിച്ച സംശയങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ബാങ്കിന്റെ വിശദീകരണം.

എന്നാൽ പ്രതിമാസ ഗഡുക്കളുടെ തിരിച്ചടവിലേക്ക്‌ ഓട്ടോ ഡെബിറ്റ്‌ നിർദ്ദേശം (എൻ.എ.സി.എച്ച്‌/സ്റ്റാൻഡിങ്‌ ഇൻസ്‌ട്രക്‌ഷൻ) ബാങ്കിന്‌ നൽകിയിട്ടുള്ള വായ്പക്കാർ അവരുടെ ആ നിർദ്ദേശം മൂന്ന്‌ മാസത്തേക്ക്‌ മരവിപ്പിക്കാൻ www.sbi.co.in/stopemi എന്ന വെബ്‌സൈറ്റ്‌ ലിങ്കിൽ കിട്ടുന്ന അപേക്ഷ സമർപ്പിക്കണം. ഫോറം പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ stopmi.lhotri@sbi.co.in എന്ന ഇ-മെയിലിലേക്ക്‌ അയയ്കണം.

2020 മാർച്ച്‌-ഏപ്രിൽ മാസങ്ങളിൽ അടയ്ക്കേണ്ട തവണകൾ ഇതിനകം സേവിങ്‌സ്‌ അക്കൗണ്ടിൽ നിന്ന്‌ ഡെബിറ്റ്‌ ചെയ്യുകയോ വായ്പക്കാരൻ തിരിച്ചടയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അനുബന്ധം 1 പൂർണമായും പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ ഇ-മെയിൽ വിലാസത്തിലേക്ക്‌ അയച്ചുകൊടുത്താൽ തുക സേവിങ്‌സ്‌ അക്കൗണ്ടിലേക്ക്‌ തിരികെ ലഭിക്കും.

കോവിഡ്‌-19 പാക്കേജ് പ്രകാരമുള്ള ആനുകൂല്യം 1 മാർച്ച്‌ 2020-നും 31 മേയ്‌ 2020നും ഇടയിൽ അടയ്ക്കേണ്ട തവണകൾക്കുള്ള മൊറട്ടോറിയം മാത്രമായിട്ടാണ്‌ നൽകിയിരിക്കുന്നത്‌. മൊറട്ടോറിയം കാലയളവിലും വായ്പയിൽ ബാക്കിനിൽക്കുന്ന തുകയിന്മേൽ പലിശ ഉണ്ടായിരിക്കും.

അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിലും തിരിച്ചടവ്‌ നടത്താൻ സാധിക്കുന്ന ഇടപാടുകാർ തിരിച്ചടവ്‌ നടത്തുന്നതായിരിക്കും അഭികാമ്യമെന്നും ബാങ്ക്‌ വ്യക്തമാക്കി.