കൊച്ചി: ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും എളുപ്പമാക്കാനുമുള്ള പദ്ധതികളുമായി ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിനു കീഴിലുള്ള പേയ്‌മെന്റ്സ് ബാങ്ക്. ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ തടയാനായി ഒന്നര മാസം മുമ്പ് അവതരിപ്പിച്ച ‘എയർടെൽ സേഫ് പേ’ എന്ന സംവിധാനത്തിന് ഇടപാടുകാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എയർടെൽ പേയ്‌മെന്റ്സ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ അനുബ്രത ബിശ്വാസ് പറഞ്ഞു.

ബാങ്കുകളിലെ ഓൺലൈൻ പണമിടപാടുകൾക്ക് സാധാരണഗതിയിൽ രണ്ടുഘട്ട അംഗീകാരമാണ് വേണ്ടത്. എന്നാൽ എയർടെല്ലിന്റെ അത്യാധുനിക ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചുകൊണ്ട് മൂന്നാമതൊരു വാലിഡേഷൻ ഉറപ്പാക്കുകയാണ് എയർടെൽ സേഫ് പേ.

’ഇടപാട് പൂർത്തിയാക്കണമോ വേണ്ടയോ’ എന്ന് ഇടപാടുകാരൻ വ്യക്തമാക്കിയാൽ മാത്രമേ പണം അക്കൗണ്ടിൽനിന്ന് പോകുകയുള്ളൂ. ശക്തമായ തട്ടിപ്പുകളെപ്പോലും തടയാൻ ഇത് സഹായിക്കും. ലോകത്തു തന്നെ ഇതാദ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താവിനെ തിരിച്ചറിയാനുള്ള കെ.വൈ.സി. നടപടി വീഡിയോയിലൂടെ നിർവഹിച്ച് നാലു മിനിറ്റ് കൊണ്ട് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യവും എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ താഴെത്തട്ടിൽ പോലും ബാങ്കിങ് സേവനമെത്തിക്കുകയാണ് ലക്ഷ്യം.

തങ്ങളുടെ ഇടപാടുകാരിൽ 10 ശതമാനം പേർ ആദ്യമായി ബാങ്ക് അക്കൗണ്ട് തുറക്കുന്നവരാണെന്ന് അനുബ്രത പറഞ്ഞു. ഗ്രാമീണ മേഖലയിൽ ഏറ്റവും ശക്തമായ ബാങ്കായി മാറുകയാണ് തങ്ങൾ. വായ്പ ഒഴികെ, സാധാരണ ബാങ്കുകൾ നൽകുന്ന മിക്ക സേവനങ്ങളും പേയ്‌മെന്റ്സ് ബാങ്കുകൾ ഒരുക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ എയർടെല്ലിന്റെ സാന്നിധ്യം പേയ്‌മെന്റ്സ് ബാങ്കിന്റെ വളർച്ചയ്ക്ക് അടിത്തറയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.