റെക്കോഡുകൾ തിരുത്തിക്കുറിച്ച് പവൻവിലയിൽ മുന്നേറ്റം തുടരുകയാണ്. 2020-ൽ ഇതുവരെ പവന് 11,000 രൂപയിലേറെയാണ് കൂടിയത്. പവൻവില 40,000 രൂപ ഭേദിച്ച് 40,160 രൂപയിലെത്തി നിൽക്കുകയാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മുന്നേറ്റം തുടരാനുള്ള സാധ്യതകളാണ് കൂടുതൽ. ഈ അവസരത്തിൽ സ്വർണത്തിലെ നിക്ഷേപ സാധ്യതകളിൽ ചിലത് പരിചയപ്പെടാം.

സ്വർണ നാണയങ്ങൾ

സ്വർണാഭരണങ്ങൾ കഴിഞ്ഞാൽ മലയാളിക്ക് ഏറ്റവും സുപരിചിതം സ്വർണ നാണയങ്ങളാണ്. അര ഗ്രാമിന് താഴെ മുതൽ 50 ഗ്രാം വരെ തൂക്കമുള്ള സ്വർണ നാണയങ്ങളും 100 ഗ്രാമിനു മുകളിലുള്ള സ്വർണ ബിസ്കറ്റുകളും ഇന്ന് ലഭ്യമാണ്. 22 കാരറ്റിലുള്ള സ്വർണ നാണയങ്ങളും 24 കാരറ്റിലുള്ള തങ്കനാണയങ്ങളും ലഭ്യമാണ്. ജൂവലറികൾ, മുൻനിര ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇവ ലഭ്യമാണ്. പ്രധാന പോസ്റ്റ് ഓഫീസുകൾ വഴിയും ഇപ്പോൾ ഇവ വാങ്ങാനാകും. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പോസ്റ്റ് ഓഫീസിൽ വിലക്കിഴിവുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എം.ടി.സി.യും സ്വർണ നാണയങ്ങളുടെ വില്പന നിർവഹിക്കുന്നുണ്ട്. കേരളത്തിൽ കൊച്ചിയിലാണ് ഇതിന്റെ ശാഖ. സർട്ടിഫിക്കേഷനോടെയുള്ള സീഡൽഡ് ടാംപർ പ്രൂഫ് പായ്ക്കറ്റുകളിലെ സ്വർണ നാണയം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒരു രൂപയ്ക്കു പോലും സ്വർണം വാങ്ങാം

ചെറിയ തുകയിലൂടെ ഓൺലൈനായി സ്വർണം വാങ്ങി സ്വരുക്കൂട്ടാൻ സഹായിക്കുന്ന നിക്ഷേപ മാർഗമാണ് ‘ഗോൾഡ് അക്യുമുലേഷൻ പ്ലാൻ’. ‘ഡിജിറ്റൽ ഗോൾഡ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രമുഖ മൊബൈൽ വാലറ്റ് സ്ഥാപനമായ പേടിഎം (Paytm), ഗൂഗിളിന്റെ പേയ്‌മെന്റ്‌സ് ആപ്പായ ഗൂഗിൾ പേ (Google Pay), സ്റ്റോക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് ഓൺലൈനായി ചെറിയ തുകയ്ക്ക് സ്വർണം വാങ്ങാൻ അവസരമൊരുക്കുന്നത്. പേടിഎമ്മിന്റെ പ്ലാറ്റ്‌ഫോം ‘ഡിജിറ്റൽ ഗോൾഡ്’ (Digital Gold) എന്ന പേരിലും ഗൂഗിൾ പേയുടേത് ‘ഗോൾഡ് വാൾട്ട്’ (Gold Vault) എന്ന പേരിലും സ്റ്റോക് ഹോൾഡിങ്ങിന്റേത് ‘ഗോൾഡ് റഷ്’ (Gold Rush) എന്ന പേരിലുമാണ്. ഫ്ലിപ്കാർട്ടിന്റെ ഫോൺപേ (PhonePe), മൊബീക്വിക് (MobiKwik) തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളും ഇത്തരത്തിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ അവസരമൊരുക്കുന്നുണ്ട്. എം.എം.ടി.സി.യും സ്വിറ്റ്‌സർലൻഡിലെ പാംപ് എന്ന കമ്പനിയും ചേർന്നുള്ള സംരംഭത്തിന്റെ സഹകരണത്തോടെയാണ് സ്വർണ സമ്പാദ്യ പദ്ധതി ഇവരെല്ലാം അവതരിപ്പിച്ചിരിക്കുന്നത്.

പേടിഎമ്മിന്റെ ഡിജിറ്റൽ ഗോൾഡിലെയും ഗൂഗിൾ പേ ഗോൾഡ് വാൾട്ടിലും കുറഞ്ഞ നിക്ഷേപം ഒരു രൂപയാണ്. കൈവശമുള്ള പണം അനുസരിച്ച് എത്ര വേണമെങ്കിലും സ്വർണം വാങ്ങാം. മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയായ എസ്.ഐ.പി. പോലെയോ ബാങ്കുകളിലെ റെക്കറിങ് നിക്ഷേപം പോലെയോ മാസാമാസമോ ആഴ്ചതോറുമോ തുല്യ തുകയ്ക്ക് സ്വർണം വാങ്ങി സ്വരുക്കൂട്ടാം. വില ഇടിയുന്ന അവസരങ്ങളിൽ കൂടുതൽ പണം നിക്ഷേപിച്ച് ലാഭം ഉയർത്തുകയും ചെയ്യാം.

കൈവശം സ്വർണം സൂക്ഷിക്കേണ്ടതില്ലെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. വാങ്ങുന്നതും വിൽക്കുന്നതും ഓൺലൈനായിത്തന്നെ ചെയ്യാം. ആവശ്യമുണ്ടെങ്കിൽ സ്വർണ നാണയമാക്കി മാറ്റാം. പണിക്കൂലി, ഡെലിവറി ചാർജ് എന്നിവ അധികമായി നൽകണമെന്നു മാത്രം.

സോവറിൻ ഗോൾഡ് ബോണ്ട്

സ്വർണത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപ മാർഗമാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന ‘സോവറിൻ ഗോൾഡ് ബോണ്ട്’. മൂല്യവർധനയിലെ നേട്ടത്തിനു പുറമെ, നിക്ഷേപത്തുകയ്ക്ക് പ്രതിവർഷം 2.50 ശതമാനം നിരക്കിൽ പലിശയും ലഭിക്കുമെന്നതാണ് ഈ നിക്ഷേപ മാർഗത്തിന്റെ ഏറ്റവും വലിയ മെച്ചം. വർഷത്തിൽ രണ്ടു തവണയായാണ് ഈ തുക നിക്ഷേപകന്റെ അക്കൗണ്ടിലെത്തുക. ഒരു ഗ്രാമാണ് കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷം പരമാവധി നാല്‌ കിലോ വരെ വാങ്ങാം. ജി.എസ്.ടി.യും പണിക്കൂലിയും ഇല്ലെന്ന നേട്ടമുണ്ട്.

നടപ്പു സാമ്പത്തിക വർഷം അഞ്ചാമത്തെ ബോണ്ട് വില്പന ഇന്ന് (തിങ്കളാഴ്ച) ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കും. ഒരു ഗ്രാമിന് 5,284 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ പണം കൈമാറുന്നവർക്ക്‌ ഗ്രാമിന് 50 രൂപ ഇളവുണ്ട്.

ബാങ്കുകൾ, പ്രധാന പോസ്റ്റ് ഓഫീസുകൾ, സ്റ്റോക് ഹോൾഡിങ് കോർപ്പറേഷൻ, ഓഹരി ഇടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഗോൾഡ് ബോണ്ട് വാങ്ങാം. എട്ട്‌ വർഷമാണ് കാലാവധിയെങ്കിലും അഞ്ച് വർഷം കഴിഞ്ഞ് സറണ്ടർ ചെയ്ത് പണമാക്കാം. അതിനു മുമ്പ് പണത്തിന് അത്യാവശ്യം വന്നാൽ സ്റ്റോക് എക്സ്‌ചേഞ്ചിൽ വിറ്റ് പണമാക്കാനും അവസരമുണ്ട്.

ഗോൾഡ് ഇ.ടി.എഫ്.

സ്വർണത്തിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ‘ഗോൾഡ് ഇ.ടി.എഫ്.’ അഥവാ ‘ഗോൾഡ് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്’. നിരവധി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ച് നിക്ഷേപകർക്ക് ലാഭം കിട്ടുന്ന തരത്തിൽ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് രീതിയാണ് സ്വർണത്തിലും അവലംബിക്കുന്നത്.

നിക്ഷേപകരിൽനിന്ന് സമാഹരിക്കുന്ന തുകയ്ക്ക് സ്വർണക്കട്ടികൾ വാങ്ങി സൂക്ഷിക്കുകയാണ് ഗോൾഡ് ഇ.ടി.എഫുകൾ ചെയ്യുന്നത്. നിക്ഷേപത്തിന്റെ ഏതാണ്ട് 90 ശതമാനവും സ്വർണത്തിലാണ്. 10 ശതമാനം വരെ കടപ്പത്രങ്ങളിലും. ഓഹരികൾ വ്യാപാരം ചെയ്യുന്നതുപോലെ സ്റ്റോക് എക്സ്‌ചേഞ്ചുകളിലാണ് ഇവയുടെ വ്യാപാരം. അതിനാലാണ്, ഇവയെ എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്.) എന്നു പറയുന്നത്.

നിപ്പോൺ, എസ്.ബി.ഐ. മ്യൂച്വൽ ഫണ്ട്, എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട്, യു.ടി.ഐ., കൊട്ടക് മ്യൂച്വൽ ഫണ്ട്, ആക്സിസ് മ്യൂച്വൽ ഫണ്ട്, ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ, ബിർള സൺലൈഫ്, ഐ.ഡി.ബി.ഐ., ഇൻവെസ്‌കോ, കനറാ റൊബേകോ, ക്വാണ്ടം എന്നീ മ്യൂച്വൽ ഫണ്ട് കമ്പനികൾക്കൊക്കെ ഗോൾഡ് ഇ.ടി.എഫ്. ഉണ്ട്.

സ്വർണ വിലയുടെ അടിസ്ഥാനത്തിലാണ് ഇവയുടെ പ്രകടനം എന്നതിനാൽ എല്ലാ ഗോൾഡ് ഇ.ടി.എഫുകളുടെയും റിട്ടേൺ ഏറെക്കുറെ സമാനമാണ്. ഡീമാറ്റ് (ഡിജിറ്റൽ) രൂപത്തിലാണ് ഇവയുടെ വ്യാപാരം നടക്കുന്നത്. അതിനാൽ, സ്വർണം കൈയിൽ കിട്ടില്ല. സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങൾ വഴിയാണ് ഇതിലെ നിക്ഷേപം സാധ്യമാകുന്നത്. സ്റ്റോക് എക്സ്‌ചേഞ്ചിലെ വ്യാപാര സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും വാങ്ങാനും വിൽക്കാനും കഴിയും. വിറ്റ് രണ്ട് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പണം ലഭിക്കും.

മ്യൂച്വൽ ഫണ്ടുകളുമുണ്ട്

സ്വർണം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് സ്വർണത്തിലെ മറ്റൊരു നിക്ഷേപ മാർഗം. സ്വർണ ഖനന കമ്പനികൾ, വൻകിട സ്വർണാഭരണ നിർമാണക്കമ്പനികൾ എന്നിവയുടെയൊക്കെ ഓഹരികളിലാണ് ഇത്തരം ഫണ്ടുകളുടെ നിക്ഷേപം. ഇവയുടെയൊക്കെ ഓഹരിവിലയിലെ കയറ്റിറക്കങ്ങൾക്കനുസരിച്ചാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകളുടെ റിട്ടേൺ. ഇന്ത്യയിൽ ഇത്തരത്തിൽ രണ്ട്‌ മ്യൂച്വൽ ഫണ്ട് പദ്ധതികളാണ് ഉള്ളത് - ഡി.എസ്.പി. വേൾഡ് ഗോൾഡ് ഫണ്ട്, കൊട്ടക് വേൾഡ് ഗോൾഡ് ഫണ്ട്. മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതും വിൽക്കുന്നതും പോലെത്തന്നെയാണ് ഇവയുടെ വ്യാപാരവും.

ഒറ്റത്തവണ നിക്ഷേപത്തിനു പുറമെ, മാസാമാസം തുല്യ തവണകളായി നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനും (എസ്.ഐ.പി.) ആകാം.

ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾക്കും ഗോൾഡ് ഇ.ടി.എഫുകൾക്കും പുറമെ, ഗോൾഡ് ഫണ്ട് ഓഫ് ഫണ്ടുകളുമുണ്ട്. ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപിച്ച്, നിക്ഷേപകർക്ക് നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇവ. കൊട്ടക് ഗോൾഡ് ഫണ്ട്, നിപ്പോൺ ഗോൾഡ് സേവിങ്‌സ് ഫണ്ട് എന്നിവയാണ് ‘ഗോൾഡ് ഫണ്ട് ഓഫ് ഫണ്ടുകൾ’. മ്യൂച്വൽ ഫണ്ടുകളിലേതിന് സമാനമാണ് നിക്ഷേപം. എസ്.ഐ.പി.കളിൽ 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങൾ, മ്യൂച്വൽ ഫണ്ട് വിതരണക്കാർ എന്നിവ വഴി ഇത് വാങ്ങാം.

(സ്വർണത്തിലെ നിക്ഷേപ അവസരങ്ങൾ വിശദീകരിക്കുന്ന പുസ്തകം ‘സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കാം?’ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്).