കൊച്ചി: ഉപഭോക്താക്കളിൽനിന്ന് ക്രിപ്‌റ്റോ കറൻസികൾ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ സംരംഭമായി കൊച്ചി ആസ്ഥാനമായുള്ള ഫുഡ് സ്റ്റാർട്ട്അപ്പായ ‘അതേ നല്ലതാ’. എം.ബി.എ. ബിരുദധാരികളായ ഹഫീസ് റഹ്മാൻ, അക്ഷയ് രവീന്ദ്രൻ എന്നിവർ ചേർന്ന് ആരംഭിച്ചതാണ് ഈ സംരംഭം. അമ്മമാർക്ക് തൊഴിലവസരമൊരുക്കിക്കൊണ്ട് കോവിഡ് കാലത്താണ് ഇരുവരും ചേർന്ന് ഈ സ്റ്റാർട്ട്അപ്പ് ആരംഭിച്ചത്.

ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും വ്യത്യസ്തമായ അച്ചാറുകൾ വിറ്റുകൊണ്ടാണ് ഈ സംരംഭത്തിന്റെ തുടക്കം. ഉറവിടം മുതൽ പാക്കേജിങ് വരെ ബിസിനസിന്റെ എല്ലാ വശങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന എഴുപതോളം അമ്മമാർക്ക് ജോലി നൽകാൻ കമ്പനിക്കു കഴിഞ്ഞു. ഫ്യൂഷൻ അച്ചാറുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കേരളത്തിനകത്തും പുറത്തും ഇവർക്ക് സേവനം ലഭ്യമാക്കാൻ സാധിച്ചു.

ക്രിപ്‌റ്റോ അധിഷ്ഠിത പേയ്‌മെന്റുകളിലേക്കും ഇടപാടുകളിലേക്കും കടക്കുന്ന ‘അതേ നല്ലതാ’ (atheynallatha.com) ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ ഏഴാമത്തെയും കമ്പനിയാണ്. കഴിഞ്ഞ 28 മുതലാണ് ക്രിപ്‌റ്റോ കറൻസി വഴി ഔദ്യോഗിക പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങിയത്. ഇതിനായി ക്രിപ്റ്റോ പേയ്‌മെന്റ് ഗേറ്റ്‌വേ ആയ ‘കോയിൻബേസി’ന്റെ സേവനമാണ് ഉപയോഗിക്കുന്നത്. ബിറ്റ്‌കോയിൻ, ഇഥേറിയം, ഡോഗികോയിൻ, ലൈറ്റ്‌കോയിൻ, ബിറ്റ്‌കോയിൻ കാഷ്, ഡായ്, യു.എസ്.ഡി. കോയിൻ എന്നിവയാണ് തുടക്കത്തിൽ സ്വീകരിക്കുക.

കൂടുതൽ കമ്പനികൾ ഉപഭോക്താക്കളിൽനിന്ന് ക്രിപ്റ്റോ കറൻസി സ്വീകരിക്കാൻ തുടങ്ങുന്നതോടെ ഇതിനെക്കുറിച്ചുള്ള അവബോധം കൂടുമെന്നാണ് ഈ സംരംഭത്തിന്റെ സാരഥികളുടെ പ്രതീക്ഷ.