തിരുവനന്തപുരം: എയർ കണ്ടീഷൻഡ് മുറികളുടെ അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളെ പൂർണമായും ഇല്ലാതാക്കാൻ തദ്ദേശമായി വികസിപ്പിച്ച ’എയ്‌റോലിസ്’ എന്ന ഉപകരണത്തിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ അംഗീകാരം.

വായുമലിനീകരണ നിയന്ത്രണ മേഖലകളിലടക്കം 64 കണ്ടുപിടിത്തങ്ങൾക്ക്‌ പേറ്റൻറ് ലഭിച്ചിട്ടുള്ള സിന്തറ്റിക് കെമിസ്ട്രി ശാസ്ത്രജ്ഞനായ ഡോ. സിറിയക് ജോസഫ് പാലക്കൽ, രണ്ടുതവണ മികച്ച സംരംഭകനുള്ള കേന്ദ്രസർക്കാർ പുരസ്‌കാരം നേടിയ കെ.സി.സഞ്ജീവ് എന്നിവരാണ് ’എയ്‌റോലിസ്’ എന്ന വായു അണുവിമുക്തമാക്കൽ ഉപകരണം വികസിപ്പിച്ചത്.

വ്യത്യസ്ത സാഹചര്യങ്ങളിൽ നടത്തിയ പഠനങ്ങളിലൂടെ ഇൻഫ്‌ളുവൻസ, സ്വയിൻ ഫ്‌ളൂ, കൊറോണ വൈറസ് എസ്. ജീനുകൾ, കൊറോണ വൈറസ് ഇ.ജീനുകൾ എന്നിവയെ അന്തരീക്ഷത്തിൽനിന്നു പൂർണമായും നിർമാർജനം ചെയ്യാൻ എയറോലിസിന് സാധിക്കും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ദേശീയ ഗവേഷണ കേന്ദ്രമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

പ്രകാശം ഉപയോഗിച്ചുള്ള ഫോട്ടോ കാറ്റലിസ്റ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിച്ച് എയർ കണ്ടീഷൻഡ് മുറികളിലെ അണുക്കളെ പൂർണമായും നിർമാർജനം ചെയ്യുന്ന സാങ്കേതിക വിദ്യയ്ക്കാണ് ഇതോടെ ശാസ്ത്രീയ അംഗീകാരം ലഭിക്കുന്നത്. നാല് വ്യത്യസ്ത സാഹചര്യങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് എയറോലിസ്‌ അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളെ നിർമാർജനം ചെയ്യുന്നതായി കണ്ടെത്തിയത്. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന അവശിഷ്ടങ്ങൾ ഉത്‌പാദിപ്പിക്കാതെ തന്നെ അന്തരീക്ഷത്തിലെ രോഗാണുക്കളെ ബാഷ്പീകരിച്ച് ഇല്ലായ്മ ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശീയമായാണ് ഇത് വികസിപ്പിച്ചത്.