കൊച്ചി: ജി.എസ്.ടി. നിയമത്തിൻ കീഴിലുള്ള ഓഡിറ്റ് നിർത്തലാക്കാനുള്ള നീക്കത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനവും നൽകി.

വ്യാപാര വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി നിയമപാലനം ലഘൂകരിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. എന്നാൽ, ജി.എസ്.ടി. ഓഡിറ്റ് അപ്പാടെ നിർത്തലാക്കാനുള്ള നീക്കം നികുതി വരുമാനത്തിന് തിരിച്ചടി ആകുന്നതിനു പുറമെ അഴിമതിക്ക് വഴിതെളിക്കുമെന്നും ചാർട്ടേഡ്‌ അക്കൗണ്ടന്റുമാർ അഭിപ്രായപെട്ടു. ചർച്ചയിൽ നിലവിലുള്ള നികുതി വെട്ടിപ്പിനെ കുറിച്ച് ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അഭിപ്രായം ഗൗരവപരമായി പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.