കൊച്ചി: റിക്രൂട്ട്‌മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ട്അപ്പ് ആയ ‘സാപ്പിഹയർ’ (zappyhire.com) സീഡ് ഫണ്ടിങ് റൗണ്ടിലൂടെ 3.71 കോടി രൂപ സമാഹരിച്ചു. കേരള ഏഞ്ചൽ നെറ്റ്‌വർക് (കാൻ), ഹെഡ്ജ് ഫിനാൻസ് സ്ഥാപകൻ അലക്സ് കെ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള നിക്ഷേപ റൗണ്ടിൽ ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, കിംസ്‌ ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ. സഹദുള്ള, ഇസാഫ് സ്ഥാപകൻ കെ. പോൾ തോമസ്, ഇ.വൈ. അസോസിയേറ്റ് പാർട്‌ണർ രാജേഷ് നായർ, സർവേസ്പാരോ സ്ഥാപകൻ ഷിഹാബ് മുഹമ്മദ് തുടങ്ങിയവരും പങ്കാളികളായി.

ഇൻഫോസിസിൽ സഹപ്രവർത്തകരായിരുന്ന പിറവം മണീട് സ്വദേശി കെ.എസ്. ജ്യോതിസും ചേർത്തല തണ്ണീർമുക്കം സ്വദേശി ദീപു സേവ്യറും ചേർന്ന് കൊച്ചി കേന്ദ്രമായി 2018 സെപ്റ്റംബറിൽ തുടങ്ങിയ സ്റ്റാർട്ട്അപ്പാണ് സാപ്പിഹയർ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ.) യുടെ സഹായത്തോടെ ഉദ്യോഗാർഥികളുടെ വീഡിയോ ഇന്റർവ്യു നടത്തി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുകയും ഓട്ടോമേറ്റ് ചെയ്യുകയുമാണ് ഈ ‘സോഫ്റ്റ്‌വേർ ആസ് എ സർവീസ്’ (സാസ്) സ്റ്റാർട്ട്അപ്പ്. ഇന്ത്യ, തെക്ക്-കിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള മുപ്പതോളം കമ്പനികൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്.

ടെക്‌നോളജിയും വിപണനവും ശക്തിപ്പെടുത്താനാണ് പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുകയെന്ന് സാപ്പിഹയർ കോ-ഫൗണ്ടർമാരായ ജ്യോതിസും ദീപുവും അറിയിച്ചു. ഇതിനായി മാർക്കറ്റിങ്ങിലേക്കും എ.ഐ.യിൽ പ്രാവീണ്യമുള്ള എൻജിനീയറിങ് ബിരുദധാരികളെയും നിയമിക്കും.