.
ദുബായ്: യൂഎഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേര്‍ത്ത് മലയാളത്തിന്റെ മഹാനാടന്‍. യൂഎഇയിലെ പ്രവാസി മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയന്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ മുന്‍നിര ഹോസ്പിറ്റലുകള്‍ പങ്കാളികള്‍ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ആണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്.
പദ്ധതിയെക്കുറിച്ചുളള വിവരങ്ങള്‍ നടന്‍ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അതിവിദഗ്ദ ഡോക്ടര്‍മാര്‍ സമയബന്ധിതമായി മറുപടി നല്‍കുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക്, അവര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മക്കള്‍ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണല്‍ വോളന്റിയര്‍ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഫാമിലി കണക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സുന്‍ജയ് സുധീര്‍ നിര്‍വഹിച്ചു. പ്രവാസി മലയാളികള്‍ക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്നായിരുന്നു പദ്ധതിയെ ഇന്ത്യന്‍ സ്ഥാനപതി വിശേഷിപ്പിച്ചത്. പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിക്കാനും സ്ഥാനപതി മറന്നില്ല. അന്തര്‍ദേശീയ ചികിത്സ നിലവാരത്തിനുളള ജെസിഐഅംഗീകാരം ഉളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ പറഞ്ഞു. നാട്ടില്‍ ചെല്ലാതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ യുഎഇയില്‍ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ പദ്ധതി യുഎഇ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ യൂഎഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യന്റ്‌സിന് അതിവേഗത്തിലുള്ള അപ്പോയിന്‍മെന്റ് സൗകര്യവും, അഡ്മിഷന്‍ മുതല്‍ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്റ്റാഫിന്റെ പിന്തുണയും ലഭിക്കുന്നു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ യൂഎഇ ഘടകത്തിനാണ് പദ്ധതിയുടെ യൂഎഇയിലെ ഏകോപന ചുമതല. പദ്ധതിയില്‍ പങ്കാളികളാകാന്‍ യുഎഇ പ്രവാസികള്‍ക്കും, പ്രവാസി മലയാളി സംഘടനകള്‍ക്കും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളി ആവുന്നതിനും 54 289 3001 (യൂഎഇ) / +918590965542 (കേരളം) എന്നീ നമ്പറുകളില്‍ നേരിട്ടോ വാട്‌സ്ആപ് മുഖാന്തിരമോ ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയയില്‍ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ 'ഫാമിലി കണക്ട്' പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്.
Content Highlights: UAE, Free Medical advice, Mammooty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..