.
റിയാദ്: അടുത്ത രണ്ടു ദിവസങ്ങളില്‍ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടി മിന്നലോട് കൂടിയ മഴയാകും ലഭിക്കുകയെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖാസിം, വടക്കന്‍ അതിര്‍ത്തി, അല്‍-ജൗഫ് എന്നീ പ്രദേശങ്ങളിലാകും മഴ കൂടുതല്‍ ശക്തം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടി മഴ ലഭിക്കും. ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജിസാന്‍, ഹായില്‍, അല്‍-ബാഹ, അസീര്‍, മക്ക എന്നിവിടങ്ങളിലും മോശം കാലാവസ്ഥയായിരിക്കും. ഇടിമിന്നലോട് കൂടിയാകും ഈ മേഖലകളിലും മഴ പെയ്യുക. ഇതോടൊപ്പം ആലിപ്പഴവര്‍ഷത്തിനും സാധ്യതയുണ്ട്.
ആകാശം മേഘാവൃതമായി ദൂരാഴ്ചകാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീരദേശ നഗരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. ജിദ്ദ, റാബിഗ്, നിയോം, ഉംലുജ്, തബൂക്ക്, അല്‍ഉല, മദീന എന്നിവിടങ്ങളില്‍ മഴ പെയ്യുമെങ്കിലും മറ്റു മേഖലകള്‍ പോലെ ശക്തമാകാനിടയില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ജബല്‍ അല്‍ ലോസ്, അലഖാന്‍, അല്‍ ദഹര്‍, തബൂക്ക് മേഖല എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകും. തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, മദീനയുടെ വടക്ക് എന്നിവിടങ്ങളില്‍ താപനില 0 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: There is a possibility of rain in Saudi Arabia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..