ജിദ്ദാ തമിഴ് സംഘത്തിന്റെ പൊങ്കൽ മഹോത്സവം
ജിദ്ദ: തമിഴ്നാട് സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ തമിഴ് സംഘം (ജെ.ടി.എസ്) പൊങ്കല്‍ മഹോല്‍സവം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ആഘോഷം സംഘാടനം, വൈവിധ്യമാര്‍ന്ന കലാപരിപാടികളുടെ അവതരണം എന്നിവ കൊണ്ട് ഏറെ മികച്ചതായിരുന്നു.
തമിഴ്നാടിന്റെ കാര്‍ഷികോത്സവമായ പൊങ്കല്‍ ഋതുക്കളുടെ മാറ്റം, കഠിനമായ കാര്‍ഷിക വേലയില്‍ നിന്ന് അല്പ്പകാല വിശ്രമം, വിളവെടുപ്പിന്റെ സമൃദ്ധി എന്നിവയില്‍ ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ആഘോഷം കൂടിയാണ്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ഭാരതീയ കലകളും തമിഴ്നാടിന്റെ പരമ്പരാഗത കലകളും പൊങ്കല്‍ കാഴ്ച്ചകളും ഒരുക്കിയിരുന്നു. പുഷ്പാ സുരേഷ് ചിട്ടപ്പെടുത്തിയ ഭരതനാട്യം, ധന്യ കിഷോര്‍ ചിട്ടപ്പെടുത്തിയ മുരുകന് കാട്ടാക്കടയുടെ 'കനല് പൊട്ടുകള്‍' എന്ന കവിതയുടെ രംഗാവിഷ്ക്കാരം, കുമാരി കീര്‍ത്തി ശിവയുടെ നേതൃത്വത്തിലുള്ള നൃത്തം, പൊങ്കലിന്റെ ചരിത്രം പറയുന്ന കുട്ടികളുടെ നൃത്തം, കുട്ടികള്‍ അവതരിപ്പിച്ച തമിഴ് നാടിന്റെ ഓരോ ജില്ലയിലേയും വികസനങ്ങളും വിഭവങ്ങളും അവതരിപ്പിച്ച ഫ്ലോട്ട് എന്നിവ സദസ്യരുടെ മനംനിറച്ചു.
കീര്‍ത്തി ശിവയുടെ കണ്ണുകള്‍ മുഴുവനായി മൂടിക്കെട്ടി സദസ്യര്‍ ആവശ്യപ്പെട്ട പുസ്തകത്തിലെ താളുകള്‍ വായിക്കല്‍, വസ്തുക്കളെ തിരിച്ചറിയല്‍, സമാനമായ വസ്തുക്കളുടെ നിറങ്ങള്‍ തിരിച്ചറിയല്‍ എന്നിവ സദസ്യരുടെ മുക്തകണ്ഠം പ്രശംസ നേടി. തമിഴ്നാടിന്റെ മധുര പായസമായ പൊങ്കല്‍ നല്‍കിയാണ് കാണികളെ സദസ്സിലേക്ക് ആനയിച്ചത്.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, പ്രശസ്ത പ്രചോദന പ്രഭാഷകന്‍ രാജ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തമിഴ്നാടിന്റെ പൈതൃക വേഷവിധാനമായ മുണ്ടു ധരിച്ചാണ് കോണ്‍സല്‍ ജനറല്‍ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരാനെത്തിയത്.
ജെ.ടി.എസ് കോവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാര്‍ക്കായി നിര്‍വ്വഹിച്ചിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കോണ്‍സല്‍ ജനറല്‍ സന്തുഷ്ടി രേഖപ്പെടുത്തി. പ്രവാസി ഇന്ത്യാക്കാരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് സദാ സന്നദ്ധമായി നിലകൊള്ളുന്നുവെന്ന കോണ്‍സല്‍ ജനറലിന്റെ ഹൃദ്യമായ പ്രസ്താവം വമ്പിച്ച കരഘോഷങ്ങളോടെയാണ് സദസ്യര്‍ സ്വീകരിച്ചത്. പ്രശസ്ത തമിഴ് പ്രചോദന പ്രാസംഗികന് രാജയുടെ നാട്ടരങ്ങ് കാണികളെ ഹരം കൊള്ളിച്ചു.
പൊങ്കല്‍ ആഘോഷം അരങ്ങേറിയ കോണ്‍സുലേറ്റ് അങ്കണം ഇന്ത്യയില്‍ നടക്കുന്ന ഉത്സവം പോലെ അനുഭവവേദ്യമായി കാണികള്‍ അഭിപ്രായപ്പെട്ടു. ജെ.ടി.എസ്. നേതാവ് സിറാജ് മൊഹിദീന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാജാ മൊഹിദീന് സ്വാഗതവും ഫയാസ് നന്ദിയും രേഖപ്പടുത്തി.
റഫാത് സിറാജ്, ജയ് ശങ്കര്‍, എഴില്‍ മാറാന്‍ എന്നിവര്‍ അവതാരകരായിരുന്നു. സിറാജ് മൊഹിദീന്, മുരളി എന്നിവര്‍ നേതൃത്വം നല്കി.
Content Highlights: The Pongal festival of the Jeddah Tamil Sangh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..