.
റിയാദ്: വിദേശത്ത് താമസിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവരുന്നതിന് സൗദി പൗരന്മാര്ക്ക് വ്യക്തിഗത സന്ദര്‍ശന വിസ ലഭിക്കുന്നതിനുള്ള പുതിയ സംവിധാനം വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത്തരം വിസയിലെത്തുന്ന വിദേശികളെ രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യാനും ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചക പള്ളിയില്‍ സന്ദര്‍ശിക്കാനും അതോടൊപ്പം മതപരവും ചരിത്രപരവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാനും അനുവദിക്കും. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ-വിസ പ്ലാറ്റ്ഫോമിലൂടെ വിസ അപേക്ഷാ പ്രക്രിയകള്‍ വളരെ എളുപ്പവും ലളിതവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യക്തിഗത സന്ദര്‍ശന വിസക്കുള്ള അഭ്യര്‍ത്ഥന ഇ-വിസ പ്ളാറ്റ്ഫോമിലെ വ്യക്തിഗത സേവന വിഭാഗം മുഖേനയും നഫാദ് ഏകീകൃത ദേശീയ പ്ളാറ്റ്ഫോമിലൂടെ ലോഗിന്‍ ചെയ്ത്, വ്യക്തിഗത സന്ദര്‍ശനത്തിനു അഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷണിക്കപ്പെടേണ്ടവരുടെ ഡാറ്റകള്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ഒരു ''വ്യക്തിഗത സന്ദര്‍ശന വിസ'' നല്‍കുകയും ചെയ്യും. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി വിസ പ്ളാറ്റ്ഫോമില്‍ എന്‍ട്രി വിസ അപേക്ഷാ ഫോറം പൂരിപ്പിച്ച്, ഫീസും മെഡിക്കല്‍ ഇന്‍ഷുറന്‍സും അടയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയും പാസ്പോര്‍ട്ടും സൗദിയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരുടെ എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. പ്രവേശന വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ട് അതാത് എംബസിയില്‍നിന്നോ കോണ്‍സുലേറ്റില്‍നിന്നോ ലഭിച്ചതിന് ശേഷം വിമാനമാര്ഗമൊ, കപ്പല്മാര്ഗമൊ, കരമാര്ഗമൊ സന്ദര്‍ശകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുവാനാകും.
സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വിദേശ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി പൗരന്മാരുടെ സുഹൃത്തുക്കള്‍ക്ക് വ്യക്തിഗത സന്ദര്‍ശന വിസ അനുവദിക്കുന്നത്. വിസ പ്ളാറ്റ്ഫോമില്‍ പ്രവേശിച്ച്, അന്വേഷണത്തിനുള്ള ബട്ടണ്‍ ക്ളിക്ക് ചെയ്ത്, ആവശ്യമായ ഡാറ്റ പൂരിപ്പിക്കുകയും ചെയ്താല്‍ മുമ്പ് സമര്‍പ്പിച്ച അപേക്ഷകളുടെ നില അറിയാന്‍ അന്വേഷണ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
Content Highlights: saudi residents can apply for their friends visa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..