Photo: Pravasi mail
ജിദ്ദ: രാജ്യത്തിന്റെ പരമ്പരാഗത നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ സൗദി അറേബ്യ ശക്തമാക്കി. ആര്‍ദ്ധ പോലുള്ള പരമ്പരാഗത നൃത്തം അവതരിപ്പിക്കുമ്പോള്‍ ഔപചാരിക വസ്ത്രം ധരിക്കണമെന്നും സംഘത്തില്‍ 25 സ്വദേശികളെങ്കിലും ഉണ്ടായിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ദ്ധ നൃത്തം അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്തിന്റെ തനത് കലകള്‍ പൂര്ണതയില്ലാതെയും അവമതിപ്പുണ്ടാക്കുന്ന വിധത്തിലും അവതരിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനനത്തിലാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സൗദി ആര്ദ്ധയുടെ കര്‍ശന ഇടപെടല്‍. റസ്റ്റോറന്റുകളുടേയും കടകളുടേയും മാളുകളുടേയുമെല്ലാം ഉദ്ഘാടനത്തിന് പരമ്പരാഗത നൃത്തരൂപം അവതരിപ്പിക്കുന്നതും പരാതിയില്‍ എടുത്തുപറഞ്ഞിരുന്നു. മുന്‍കൂട്ടി അനുമതി വാങ്ങാതെ ഇനി ആര്‍ദ്ധ നൃത്തം അവതരിപ്പിക്കാന്‍ അനുവദിക്കില്ല. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.
മാത്രമല്ല, ആര്ദ്ധയില് പങ്കെടുക്കുന്ന താരങ്ങള്‍ കണങ്കാല് വരെ നീളമുള്ള കമ്പിളി അല്ലെങ്കില്‍ പരുത്തി കൊണ്ടുള്ള തോപ്പ് ധരിക്കണം. തലയില്‍ പരുത്തികൊണ്ടുള്ള വലിയതും ചതുരാഗൃതിയിലുമുള്ള ഗോത്ര ഉണ്ടായിരിക്കണം. ഇഗാല്‍ എന്ന് വിശേഷിപ്പിക്കുന്ന ചരട് വൃത്താകൃതിയില്‍ പിടിച്ചിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കലാകാരന്മാര് കമ്പിളികൊണ്ടോ ഒട്ടക രോമം കൊണ്ടോ നിര്‍മ്മിച്ച മുഴുനീള പുറം വസ്ത്രമായ ബിഷ്ത് ധരിച്ചാണ് പരിപാടി അവതരിപ്പിക്കേണ്ടത്. ഡ്രമ്മിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുമ്പോള്‍ നര്‍ത്തകര്‍ വാളുകള്‍ കൈയിലേന്തിയിരിക്കണം. വസ്ത്രങ്ങളിലും നൃത്തോപകരണങ്ങളിലും ബാന്‍ഡിന്റെ പേര് പ്രദര്‍ശിപ്പിക്കരുത്. അനുചിതമായ സ്ഥലങ്ങളില്‍ പരമ്പരാഗത നൃത്തരൂപം അവതരിപ്പിക്കുന്നതിനും വിലക്കുണ്ട്.
Content Highlights: Saudi has tightened the rules for performing traditional dance forms
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..