.
ജിദ്ദ: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം റിയാദില്‍ നടത്തുന്ന 'ലീപ് 2023' കോണ്‍ഫറന്‍സ് പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ഏറ്റവും പുതിയ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധേയമാണ്. സൗദി സൈബര്‍ സെക്യൂരിറ്റി ഫെഡറേഷന്‍, പ്രോഗ്രാമിംഗ്, ഡ്രോണുകള്‍ എന്നിവയുമായി സഹകരിച്ച് റിയാദ് ഫ്രണ്ട് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ സംഘടിപ്പിച്ച ടെക് കോണ്‍ഫറന്‍സില്‍ ഇത് രണ്ടാം തവണയാണ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പങ്കെടുക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ആത്മീയ സംതൃപ്തിയോടെയുമുള്ള യാത്ര ഉറപ്പുവരുത്താനായി നിരവധി സംരംഭങ്ങളാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് 'ലീപ് 2023' കോണ്‍ഫറന്‍സ് വരച്ചുകാട്ടുന്നു. സന്ദര്‍ശകര്‍ക്ക് ഒരു ഇന്ററാക്ടീവ് സ്‌ക്രീന്‍ വഴി ആക്സസ് ചെയ്യാന്‍ കഴിയുംവിധം 'ലീപ് 2023'-ലെ മന്ത്രാലയത്തിന്റെ പവലിയന്‍ നിരവധി ഡിജിറ്റല്‍ പരിഹാരമാര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ഏത് തരത്തിലുള്ള വിസയിലും പ്രായപരിധികളില്ലാതെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്ന പുതിയ നടപടികള്‍ സൗദി ഹജ്ജ് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ ആരാധകര്‍ക്ക് പുരുഷ രക്ഷാകര്‍ത്താക്കളുടെ ആവശ്യമില്ലാതെതന്നെ ഉംറക്കുവരാമെന്നും പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ട്രാന്‍സിറ്റ് യാത്രക്കാരായെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചകപ്പള്ളി സന്ദര്‍ശിക്കാനും രാജ്യത്തെ മറ്റിടങ്ങളില്‍ സന്ദര്‍ശിക്കാനും ഏകദേശം 10 ദിവസം മുന്‍പ് സൗദി വിദേശകാര്യ മന്ത്രാലയം ഒരു ഇലക്ട്രോണിക് വിസ സേവനം ആരംഭിച്ചിരുന്നു. അതുപോലെത്തന്നെ ഉംറ വിസയുടെ സാധുത 30 ദിവസത്തില്‍നിന്ന് 90 ദിവസമായി വര്‍ധിപ്പിച്ചത് തീര്‍ഥാടകര്‍ക്ക് രാജ്യത്തെ പുണ്യസ്ഥലങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഏറെ ഉപകാരപ്പെടുന്നതാണ്. ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള തലത്തിലേക്ക് മടങ്ങുമെന്നും ജിദ്ദയില്‍ നടന്ന ഹജ്ജ് എക്സ്പോ 2023-ല്‍ സംസാരിക്കവേ ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍-റബിയ നേരത്തെ പറഞ്ഞിരുന്നു.
Content Highlights: saudi arabia news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..