.
റിയാദ്: സൗദി അറേബ്യയിലെ മൂന്ന് ആരോഗ്യ പദ്ധതികളിൽ നിക്ഷേപം നടത്താൻ 200 ഓളം അന്താരാഷ്ട്ര, പ്രാദേശിക കമ്പനികൾ താത്പര്യപ്പെട്ടതായി സൗദി ആരോഗ്യ മന്ത്രാലയം. നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷന്റെ (എൻസിപി) സഹകരണത്തോടെ മാർച്ചിൽ പ്രഖ്യാപിച്ച റിയാദിലെയും കിഴക്കൻ മേഖലയിലെയും ദീർഘകാല, മെഡിക്കൽ പുനരധിവാസം, ഗാർഹിക ആരോഗ്യ സംരക്ഷണ പദ്ധതികളിലാണ് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ദമാമിലെ ആദ്യ ഹെൽത്ത് ക്ലസ്റ്ററിലും, റിയാദിലെ രണ്ടാമത്തെ ഹെൽത്ത് ക്ലസ്റ്ററിലും പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് (പിപിപി) പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക. സൗദി അറേബ്യയിലെ ആകർഷകമായ നിക്ഷേപ അന്തരീക്ഷത്തിന്റെ തെളിവാണ് പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുടെ വലിയ താത്പര്യം. വിവിധ മേഖലകളിൽ പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപത്തിന് ഉചിതമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പൊതുസ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിൽ നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ദീർഘകാല, മെഡിക്കൽ പുനരധിവാസം, ഗാർഹിക ആരോഗ്യ സംരക്ഷണ പദ്ധതികൾ പ്രഖ്യാപനത്തിന് ശേഷം സൗദി അറേബ്യയിൽ പദ്ധതികളുടെ സ്വകാര്യവത്കരണം വർധിച്ചതിന് അനുസൃതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ പദ്ധതികൾ നടപ്പിലാക്കാൻ നിക്ഷേപ കമ്പനികൾ ആഗ്രഹം പ്രകടിപ്പിച്ചിരിക്കയാണ്.
ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 21 രാജ്യങ്ങളിലെ 200 കമ്പനികളിൽ നിന്ന് പദ്ധതികളിൽ താത്പര്യം പ്രകടിപ്പിച്ച് 424 അപേക്ഷകളാണുള്ളത്. പദ്ധതികളിൽ താത്പര്യം പ്രകടിപ്പിച്ച കമ്പനികളിൽ ഭൂരിഭാഗവും (70) സൗദി അറേബ്യയിൽ നിന്നുള്ളവരാണ്. ഓരോ ഹെൽത്ത് ക്ലസ്റ്ററിലും 200 കിടക്കകളുള്ള ആശുപത്രികളുടെ രൂപകല്പന (മെഡിക്കൽ, നോൺമെഡിക്കൽ), വികസനം, ധനസഹായം,
പരിപാലനം, ദീർഘകാലാടിസ്ഥാനത്തിലുള്ള ആശുപത്രികൾ എന്നിവ ഉൾപ്പെടുന്ന ആദ്യ പദ്ധതിക്കായി 16 രാജ്യങ്ങളിൽ നിന്നുള്ള 139 കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സൗദി അറേബ്യയെ കൂടാതെ ഇന്ത്യ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, യുഎസ്, യുകെ എന്നിവിടങ്ങളിലാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. 17 രാജ്യങ്ങളിലുള്ള 131 കമ്പനികൾ 150 കിടക്കകളും 1,20,000 ചികിത്സാ സൗകര്യവുമുള്ള മെഡിക്കൽ പുനരധിവാസ ആശുപത്രികളുടെ രൂപകൽപന വികസിപ്പിക്കൽ, ധനസഹായം, പരിപാലനം, പ്രവർത്തിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന രണ്ടാമത്തെ പദ്ധതി നടപ്പാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ അറിയിച്ചു.
Content Highlights: riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..