റിയാദ്: ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവത്കരണം നിര്‍ബന്ധമായി നടപ്പാക്കുന്ന രണ്ടാംഘട്ട നിതാഖാത്ത് അടുത്ത ആഴ്ച മുതല്‍ നടപ്പാക്കി തുടങ്ങും. അഞ്ചു ശതമാനം സ്വദേശിവത്കരണമാണ് ഏര്‍പ്പെടുത്തേണ്ടത്. ഇതുപ്രകാരം മിക്കവാറും എല്ലാ കമ്പനികളും കുടുതല്‍ സൗദികളെ ജോലിയില്‍ നിയമിക്കേണ്ടിവരും.
സൗദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സൗദി പൗരന്മാരെ ജോലിക്ക് വെക്കല്‍ നിര്‍ബന്ധമാണ്. ഒരു സ്ഥാപനത്തിലെ സൗദി, വിദേശി ജീവനക്കാരുടെ എണ്ണത്തിന്റെ തോതനുസരിച്ച് വിവിധ വിഭാഗങ്ങളായി സ്ഥാപങ്ങളെ തരം തിരിച്ചിട്ടുണ്ട്. ചുവപ്പ്, ഇളംപച്ച, ഇടത്തരംപച്ച, കടുംപച്ച, പ്ലാറ്റിനം എന്നിങ്ങനെ വിവിധ നിറങ്ങളിലാണ് 2017 മുതല്‍ സ്ഥാപനങ്ങളെ തരംതിരിച്ചിട്ടുള്ളത്.
നിലവില്‍ സര്‍ക്കാര്‍ നിയമം അനുസരിച്ച് സൗദി പൗരന്മാരെ ജോലിക്കുവെച്ച് പച്ച വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍, രണ്ടാം ഘട്ട നിതാഖാത്ത് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവരുടെ നില സ്വദേശികളെ ജോലിക്കു വെക്കാതായാലുള്ള ചുവപ്പ് വിഭാഗത്തിലേക്ക് താഴ്ത്തപ്പെടും. ഇതോടെ അത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്നുള്ള പല ആനുകൂല്യങ്ങളും നഷ്ടമാകും. അതുകൊണ്ട് കൂടുതല്‍ സ്വദേശികളെ ജോലിക്കു നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍തന്നെ സ്വീകരിക്കാന്‍ സാമൂഹിക മാനവശേഷി വികസന മന്ത്രാലയം എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കിയിലട്ടുണ്ട്.
മൂന്നു ഘട്ടമായാണ് പരിഷ്കരിച്ച നിതാഖാത്ത് പ്രഖ്യാപിച്ചത്. 2021 ഡിസംബര്‍ ഒന്നു മുതല്‍ 2022, 2023, 2024 വര്‍ഷത്തേക്കാണ് പദ്ധതി. നിലവിലെ സ്വദേശിവത്കരണ തോത് പരിശോധിക്കാനുള്ള ലിങ്കും സന്ദേശങ്ങളും മന്ത്രാലയം എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ അയച്ചിട്ടുണ്ട്.
സൗദിയിലെ മൊത്തം സ്ഥാപനങ്ങളെയും പ്രവര്‍ത്തനരീതി അനുസരിച്ച് 37 വിഭാഗങ്ങളായാണ് പരിഷ്കരിച്ച നിതാഖാത്തില്‍ തരം തിരിച്ചിട്ടുള്ളത്. റീട്ടെയില്‍ ആന്‍ഡ് ഹോള്‍സെയില്‍, വ്യവസായം, ആരോഗ്യം, കോണ്‍ട്രാക്ടിങ്, ബിസിനസ് സര്‍വീസ്, സ്കൂള്‍, ഫുഡ്സ്റ്റഫ്, ബഖാല, മെയിന്റനന്‍സ്, റെസ്റ്റോറന്റ്, കോഫി ഷോപ്പ്, ഗതാഗതം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
Content Highlights: riyadh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..