പ്രതീകാത്മകചിത്രം| Photo: Mathrubhumi
റിയാദ് : സൗദി എയർലൈൻസ്, ഫ്‌ളൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാലുദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശനവിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
ഏത് ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക് വരാൻ സൗകര്യമൊരുക്കുക, പ്രവേശനവിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി.
ഈ ഹ്രസ്വകാല വിസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
സൗദി എയർലൈൻസിന്റെയും ഫ്‌ളൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിസയ്ക്കുകൂടി അപേക്ഷിച്ച് വിസ നേടാൻ കഴിയുക.
ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച് സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ് പോവുക.
ഉടൻതന്നെ വിസ ഇഷ്യൂചെയ്യുകയും ഇ-മെയിൽ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്നാണ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..