Photo: Pravasi mail
ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ടീം എസിസിയും ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എന്‍കംഫോര്‍ട്സ് ഇന്റര്‍നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പും തമ്മില്‍ ഫുട്‌ബോള്‍ രംഗത്ത് സഹകരിക്കാന്‍ ധാരണയായി. ധാരണ പ്രകാരം അടുത്ത ആഴ്ച നടക്കുന്ന ബ്ലാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ എസിസിയുടെ എ, ബി ടീമുകള്‍ എന്‍കംഫോര്‍ട്സ്-എസിസി എന്നാണ് അറിയപ്പെടുക.
സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും, ജിസിസി രാജ്യങ്ങളിലും, ജോര്‍ജിയയിലും ഇന്ത്യയിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളുള്ള എന്‍കംഫോര്‍ട്‌സിന്റെ സിഇഒ ലത്തീഫ് കാപ്പുങ്ങലും എസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ വാണിയമ്പലവും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
പെരിന്തല്‍മണ്ണ കാദറലി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഹ സ്പോണ്‍സര്‍ കൂടിയായിരുന്ന ശ്രീ ലത്തീഫ് ആയിരിക്കും ഇനി മുതല്‍ എസിസി യുടെ പാട്രണ്‍. ചടങ്ങില്‍ എന്‍കംഫോര്‍ട്‌സ് മാനേജര്‍ മുഹ്‌സിന്‍, എ സി സി മുന്‍ ഭാരവാഹിയും ഇപ്പോള്‍ ഉപദേശകസമിതി അംഗവുമായ സിദ്ധീഖ് കത്തിച്ചാല്‍ (കണ്ണൂര്‍), സീനിയര്‍ കളിക്കാരന്‍ ശിഹാബ് കാളികാവ്, കളിക്കാരന്‍ സനൂപ് സി കെ (ചെറി)എക്‌സിക്യുട്ടീവ് അംഗം റഷീദ് പാണ്ടിക്കാട് എന്നിവര്‍ സംബന്ധിച്ചു.
ജിദ്ദയിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ആരാധകരുടെയും ആവേശത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഏറെ സന്തോഷമുണ്ടെന്ന് ജിദ്ദ റുവൈസിലുള്ള എന്‍കംഫോര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശ്രീ ലത്തീഫ് കാപ്പുങ്ങല്‍ പറഞ്ഞു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ജിദ്ദയിലെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സജീവമായി നിറഞ്ഞു നില്‍ക്കുന്ന എ സി സി ക്ക് നിലവില്‍ സെവന്‍സ് ടീമുകള്‍ക്കു പുറമെ, സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് ലെവന്‍സ് ടീമുകളും മറ്റു രാജ്യങ്ങളിലെ പ്രവാസി ടീമുകളുമായി മത്സരിക്കുന്ന ജാലിയാത്തില്‍ രജിസ്റ്റര്‍ ചെയ്ത എ സി സി ഇന്റര്‍നാഷണല്‍ എന്ന ഒരു ടീമുമുണ്ട്. സിഫ് നടത്തിയ 18 സീസണുകളില്‍ എട്ടു തവണയും എ സി സി സീനിയര്‍ ടീം ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.
മാത്രമല്ല സിറിയ, ലെബനന്‍, മൊറോക്കോ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ടീമുകളെ പരാജയപ്പെടുത്തി ഇന്റര്‍നാഷണല്‍ ടീമും ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. നൂറോളം മെമ്പര്‍മാരും ആയിരത്തിലേറെ ഫാന്‍സും ഉള്ള എ സി സിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എന്‍കംഫോര്‍ട്ടിന്റെ സഹകരണം വളരെയധികം ഗുണം ചെയ്യും.
Content Highlights: New Patron for Team ACC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..